നീതി വൈകുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതികെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം അത്യാഹിതം ഒഴിവായി. കുടുംബ കോടതിയിലെ കേസ് തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുന്നുവെന്നു ആരോപിച്ചാണ് ചിറ്റൂര്‍ സ്വദേശിയായ വിനു ആന്റണിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് രാവിലെയാണ് സംഭവം. കുടുംബകോടതിയില്‍ നിന്ന് നേരത്തെ വിവാഹമോചനം നേടിയ ആളാണ് യുവാവ്. ഭാര്യക്കും മക്കള്‍ക്കും മാസം 25,000 രൂപ ജീവനാശം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് യുവാവ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി നല്‍കിയിരുന്നു.ഈ ഹര്‍ജിയില്‍ വിനു ആന്റണി പ്രതീക്ഷിച്ചത് പോലെയുള്ള തീരുമാനമുണ്ടായില്ല. ഇതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.