തൃശൂരിൽ കെ.എസ്.ആര്‍.ടി.സി ബസുകൾക്ക് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിലായി. കുന്നംകുളം സ്വദേശി യാനി (30 ) ആണ് അറസ്റ്റിലായത്. കുന്നംകുളത്തെ മെഡിക്കൽ ഷോപ്പ് ഉടമയാണ് ഇയാൾ. കഴിഞ്ഞ ഒരാഴ്ചയായി തൃശൂർ സംസ്ഥാന പാതയിൽ മുണ്ടൂർ, മുണ്ടൂർ മഠം, പുറ്റേക്കര, അമലനഗർ മേഖലകളിൽ അർധരാത്രി കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായത്. നാലു ബസുകളുടെ ചില്ലുതകർന്നിട്ടും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബസ് സൈഡ് കൊടുക്കാത്തതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്നും കോട്ടയം, കൊട്ടാരക്കര, നെയ്യാറ്റിൻകര എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ഓഗസ്റ്റ് എട്ടിന് മുണ്ടൂർ പമ്പിന് സമീപമാണ് ആദ്യ സംഭവമുണ്ടായത്. നാലിടത്തായി നടന്ന കല്ലേറുകൾ അർധരാത്രിക്ക് ശേഷമാണ് ഉണ്ടായത്. കല്ലേറുകൾക്ക് ശേഷം ബസ് നിർത്തി നോക്കിയെങ്കിലും അക്രമികളെ കണ്ടെത്താനായിരുന്നില്ല.