കേരളത്തിൽ തലപ്പൊക്കത്തിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ സംസ്ഥാനത്ത് എവിടെയും എഴുന്നള്ളിക്കാൻ എലിഫന്റ് മോണിറ്ററിങ് കമ്മിറ്റി അനുമതി നൽകി. വൈകാതെ ഇത് ഉത്തരവായി പുറത്തിറങ്ങും. ഏറെക്കാലമായി രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുവദിച്ചിരുന്നില്ല. ആനയെ കെട്ടുന്ന തെച്ചിക്കോട്ടുകാവിൽ പോലും അനുമതി നിഷേധിച്ചിരുന്നു. ഈ ആനയെ മാത്രം തടയുന്നതിനെതിരെ കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു.കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആനയാണിത്. തൃശൂർ പൂരത്തിനു തെക്കേ ഗോപുരനട പതിവായി തുറക്കുന്നതും രാമചന്ദ്രനാണ്. ആനയെ പരിശോധിച്ച വിദഗ്ധ സമിതിയും ഡോക്ടർമാരും നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് എഴുന്നള്ളിക്കാൻ മോണിറ്ററിങ് കമ്മിറ്റി അനുമതി നൽകിയത്. മറ്റു ജില്ലകളിൽ പോകുന്നതിനു മുൻപു നേരത്തെ തന്നെ അതതു ജില്ലാ മോണിറ്ററിങ് കമ്മിറ്റികളെ അറിയിക്കണം. മാത്രമല്ല ആന പരിപാലന നിയമം അനുസരിച്ചുള്ള എല്ലാ നിബന്ധനകളും കർശനമായി പാലിക്കുകയും വേണം.