തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കി ഹൈക്കോടതി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എസിപിസിഎ സംഘടന സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കണമെന്ന അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു. ആനയുടെ ഒരു കണ്ണിന്റെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ആറാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് കോടതി നിര്‍ദേശം നല്‍കി.നിലവിൽ നിയന്ത്രണങ്ങളോടെ പൊതുപരിപാടികളിൽ ആനയെ എഴുന്നള്ളിക്കാറുണ്ട്.
2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ വിലക്ക് വന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്‍റെ വിളംബരമായ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. രാമചന്ദ്രന്‍റെ വരവോടെയാണ് ജനസാഗരമെത്തുന്ന വിധത്തിലേക്ക് പൂരവിളംബരം മാറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിച്ചില്ലെങ്കിലും തെക്കേനട തുറക്കുന്ന ചടങ്ങ് തന്നെ മറ്റ് ചടങ്ങുകളേക്കാളും ഗംഭീരമായിരുന്നു. ഇതിന് മാത്രമായി ദൂരദേശത്ത് നിന്നു പോലും ആളുകളെത്തിയിരുന്നു. തലപ്പൊക്കത്തിലെ പ്രസിദ്ധിക്കൊപ്പം ഫേസ്ബുക്ക് അക്കൗണ്ടും ഫാൻസും ആരാധകരുമുള്ള താരമാണ് രാമചന്ദ്രൻ.