മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന അലമാരി തുറന്നിട്ടില്ലെന്ന് പൊലീസും അധ്യാപകരും നടത്തിയ പരിശോധനയിൽ വ്യക്തമായി. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ചോദ്യപേപ്പർ സൂക്ഷിച്ച മുറിയുടെ വാതിൽ കല്ലുകൊണ്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ച പണം കവർന്നു. മോഷണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളിൽ ചോദ്യപേപ്പർ സൂക്ഷിച്ച അലമാരിക്കോ മറ്റോ ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ല. അലമാര തുറക്കാനും ശ്രമിച്ചിട്ടില്ല.ചോദ്യപേപ്പർ സൂക്ഷിച്ച അലമാര സീൽചെയ്ത നിലയിൽ തന്നെയാണ്. ഓഫിസ് മുറിയിലെ മേശയിൽ സൂക്ഷിച്ച ചെറിയ തുക മാത്രമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച രാവിലെ സ്കൂൾ പ്രിൻസിപ്പൽ സ്കൂളിൽ എത്തിയപ്പോഴാണ് ഓഫിസിന്റ വാതിൽ തകർത്തനിലയിൽ കണ്ടെത്തിയത്. ഇവർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മൂവാറ്റുപുഴ പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. എക്സാമിനേഷൻ ജോ. ഡയറക്ടർ ഡോ.എസ്.എസ്. വിവേകാനന്ദൻ സ്കൂളിൽ പരിശോധന നടത്തി. ഞായറാഴ്ച വൈകീട്ട് ജില്ല കോഓഡിനേറ്റർക്കൊപ്പമാണ് അദ്ദേഹം സ്കൂളിലെത്തിയത്. ചോദ്യപേപ്പർ സൂക്ഷിച്ച സ്ഥലം പരിശോധിച്ചു. അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള ആറ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ സ്കൂളിലെ രണ്ടാമത്തെ നിലയിലെ മറ്റൊരു മുറിയിലേക്ക് മാറ്റി. ഇവിടെ സി.സി ടി.വി കാമറ അടക്കമുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ചോദ്യപേപ്പർ സുരക്ഷിതമാണെന്നും പരീക്ഷകൾ മാറ്റമില്ലാതെ തന്നെ തുടരുമെന്ന് ഡോക്ടർ എസ്.എസ്. വിവേകാനന്ദൻ പറഞ്ഞു.