ഇടതുകാല്‍ പാതിയില്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് തൊഴിലെടുക്കാനാവാതെ ദുരിതത്തിലായ ഗൃഹനാഥന് കൃത്രിമ കാല്‍ വാങ്ങാന്‍ ധനസഹായവുമായി ഡോ. പല്‍പ്പു ഫൗണ്ടേഷന്‍. ചേലക്കര റോയല്‍ ക്വാട്ടേഴ്‌സില്‍ വാടകയ്ക്ക് താമസിക്കുന്ന ശശികുമാറി(56)നാണ് കൃത്രിമ കാലെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഡോ. പല്‍പ്പു ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി റിഷി പല്‍പ്പു ധനസഹായം കൈമാറിയത്.
അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയ്ക്കിടെ ഇടതുകാല്‍ മുറിച്ചു മാറ്റേണ്ടിവന്ന ശശികുമാര്‍ പരസഹായമില്ലാതെ എഴുനേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിച്ച് വലതുകാലിനും അസുഖം ബാധിച്ചു തുടങ്ങി. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ശശികുമാറും രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്. നിത്യ ജീവിതചെലവ് തന്നെ കണ്ടെത്താനാവാതെ കുഴങ്ങുമ്പോള്‍ തന്നെയാണ് ഭാരിച്ച ചികിത്സാ ചെലവും കുടുംബത്തെ വലച്ചത്.
നേരത്തെ പുരാണ പുസ്തകങ്ങള്‍ തെരുവോരങ്ങളിലും ബസ്‌സ്റ്റാന്റുകളിലുമടക്കമെത്തിച്ച് വില്‍പ്പന നടത്തിയാണ് ശശികുമാര്‍ ജീവിത ചെലവിന് വഴികണ്ടെത്തിയിരുന്നത്. എന്നാല്‍ ശരീരം തളര്‍ന്ന് കിടപ്പായതോടെ വരുമാന മാര്‍ഗം പൂര്‍ണമായും അടഞ്ഞു. കൃത്രിമ കാല്‍ ലഭിച്ചാല്‍ വീണ്ടും തൊഴിലിലേര്‍പ്പെടാന്‍ സാധിക്കുമെന്ന ശശികുമാറിന്റെ പ്രതീക്ഷയ്ക്ക് ചിറക് തുന്നിയാണ് ഡോ. പല്‍പ്പു ഫൗണ്ടേഷന്‍ ധനസഹായം കൈമാറിയത്. സേവനമേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തന നിരതമായ ഡോ. പല്‍പ്പു ഫൗണ്ടേഷന്‍, സാമൂഹിക സാംസ്‌ക്കാരിക രംഗത്തും സജീവമാണ്. നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കിയും ഒട്ടനവധി പരിപാടികള്‍ ഇതിനകം സംഘടിപ്പിച്ചുകഴിഞ്ഞു.