തൃശൂർ പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത് . തൃശൂർ അരണാട്ടുകര സ്വദേശി അമ്പാടിക്കുളം വിനു (32)വിനെയാണ് പോക്സോ കേസ്സിൽ ശിക്ഷിച്ചു കൊണ്ട് ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ വിധി പ്രഖ്യാപിച്ചത്. പോക്സോ നിയമം 9, 10 വകുപ്പുകൾ പ്രകാരം 5 വർഷം കഠിന തടവും 25000 രൂപ പിഴയടക്കുന്നതിന്നും ഇന്ത്യൻ ശിക്ഷാ നിയമം 354 പ്രകാരം ഒരു വർഷം കഠിന തടവിനും 10000 രൂപ പിഴയടക്കുന്നതിന്നുമാണ് ശിക്ഷാ വിധി. പിഴയടക്കാത്ത പക്ഷം ശിക്ഷാ കാലാവധി 4 മാസം കൂടി അനുഭവിക്കേണ്ടി വരും. പിഴ തുക അതിജീവിതക്ക് നൽകണമെന്ന് വിധിയിൽ പരാമർശമുണ്ട്. 2018 ലാണ് കേസ്സിന്നാസ്പദമായ സംഭവം നടന്നത്. തൃശൂർ വെസ്റ്റ് പോലീസ് ആണ് കേസ്സ് റജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 13 സാക്ഷികളെയും 14 രേഖകളും തെളിവിൽ ഹാജരാക്കിയാണ് വിചാരണ പൂർത്തിയാക്കിയത്. വെസ്റ്റ് പോലീസിനു വേണ്ടി എസ്. ഐ. അനീഷ് റജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്പെക്ടർ ജേക്കബ് കെ.ജെ. ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ.പി അജയ് കുമാർ കോടതിയിൽ ഹാജരായി.