85,705 കോടി രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ടെന്നാണ് ട്രസ്റ്റ് പുറത്ത് വിട്ട വിവരം. കഴിഞ്ഞ അഞ്ച് മാസമായി തിരുപ്പതി ദേവന് ലഭിക്കുന്ന കാണിക്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വർഷങ്ങൾക്ക് ശേഷം ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടത്. 2014 ന് ശേഷം ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങൾ ട്രസ്റ്റ് പുറത്ത് വിട്ടിരുന്നില്ല. ഏപ്രിൽ മുതൽ ലഭിച്ച കണക്കുകൾ പ്രകാരം 700 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്.രാജ്യത്തെ വിവിധയിടങ്ങളിലായി ക്ഷേത്ര ട്രസ്റ്റിന് 7,123 ഏക്കർ ഭൂസ്വത്തുണ്ടെന്ന് ടിടിഡി ചെയർമാൻ വൈ.വി സുബ്ബ റെഡ്ഡി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 1974 നും 2014നും മധ്യേ ട്രസ്റ്റ് 113 ഭൂമികൾ വിവിധ കാരണങ്ങളാൽ വിറ്റൊഴിഞ്ഞിട്ടുണ്ട്. ഭൂമി വിൽക്കുവാനുള്ള കാരണം എന്നാൽ അധികൃതർ വ്യക്തമാക്കിയില്ല. 14,000 കോടി രൂപയുടെ സ്ഥിര നിക്ഷേപമാണ് ക്ഷേത്രത്തിനുള്ളത്. 14 ടൺ സ്വർണവുമുണ്ട്.ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിൽ തിരുപ്പതി ക്ഷേത്രങ്ങൾ പണിയുന്നുണ്ട്.