എൻഫോഴ്‌സ്‌മെന്‍റ് നീക്കം രാഷ്ട്രീയപ്രേരിതമാണ് . ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. രാഷ്ട്രീയമായി തന്നെ നേരിടും. ഹാജരാകുന്നതിൽ തീരുമാനം നോട്ടീസ് ലഭിച്ചതിന് ശേഷം. അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കേരളത്തില്‍ കിഫ്ബി വഴി ചെയ്യുന്നു. ഇത് ബിജെപിയെ അലോസരപ്പെടുത്തുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. കിഫ്‌ബി വഴി കേന്ദ്രാനുമതിയില്ലാതെ വിദേശനിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തിൽ ഇ ഡി ഇന്നലെയാണ് തോമസ് ഐസക്കിന് നോട്ടീസ് അയച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി, കോൺഗ്രസ് നേതാക്കൾ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ച് സംശയ നിഴലിലാക്കിയ സര്‍ക്കാരിൻ്റെ അടിസ്ഥാന സൗകര്യ വികസന ഫണ്ട് ഇതോടെ വീണ്ടും വിവാദത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. കേന്ദ്രസര്‍ക്കാരിൻ്റെ അനുമതിയില്ലാതെ മസാല ബോണ്ട് വഴി വിദേശനിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തിൽ ഇ ഡി നടത്തുന്ന അന്വേഷണത്തിൻ്റെ ഭാഗമാണ് മുൻ ധനമന്ത്രിയുടെ ചോദ്യം ചെയ്യൽ. കിഫ്ബി മസാല ബോണ്ട് വഴി നിക്ഷേപം സമാഹരിച്ചെന്ന ആരോപണത്തിനു തുടക്കം ഇതു സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടായിരുന്നു. എന്നാൽ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സമാനമായ രീതിയിൽ മറ്റു സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരുകളും നിക്ഷേപം വാങ്ങിയിട്ടുണ്ടെന്നുമായിരുന്നു സിപിഎമ്മിൻ്റെ വിശദീകരണം. കിഫ്ബി എന്തെന്ന് അറിയാത്ത ഒരുകൂട്ടം കോമാളികളാണ് ഇഡിയിലുള്ളത് എന്നായിരുന്നു ഇഡി കേസെടുത്തതിനു പിന്നാലെ ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ വര്‍ഷം പ്രതികരിച്ചത്. സംസ്ഥാനത്തെ വികസനം അട്ടിമറിക്കാനാണ് ശ്രമമെന്നും ഇതിനെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. സിഎജി റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് സിഎജി കേസെടുത്തിരിക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് വിഡ്ഡിത്തമാണെന്നും തോമസ് ഐസക് പ്രതികരിക്കുകയും ചെയ്തിരുന്നു. കിഫ്ബിയ്ക്ക് പിന്നിൽ കമ്മീഷൻ ഇടപാടാണെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരനും മുൻപ് ആരോപിച്ചത്. ആഭ്യന്തര വിപണിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കുമ്പോൾ അന്താരാഷ്ട്രവിപണിയിലെ ധനസമാഹരണം കമ്മീഷൻ കൈപ്പറ്റാനാണെന്നുമായിരുന്നു മുരളീധരൻ്റെ ആക്ഷേപം.