കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ് കലർത്തിയ കേക്കുകൾ വിൽപ്പന നടത്തിയവർ പിടിയിൽ. ഹോട്ടലുടമ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു.ചെന്നൈ നുങ്കമ്പാക്കത്ത് ഹോട്ടൽ നടത്തുന്ന വിജയരോഷൻ, ടാറ്റൂ പാർലർ നടത്തുന്ന തോമസ്, കൂട്ടാളികളായ കാർത്തിക്, ആകാശ്, പവൻ കല്യാൺ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് പൊടിയാക്കി കേക്കിൽ കലർത്തിയാണ് വിൽപ്പന നടത്തിയിരുന്നത്. മയക്കുമരുന്നുഗുളികകൾ പൊടിച്ച് വിൽക്കലും ഉണ്ടായിരുന്നു.മയക്കുമരുന്ന് സ്റ്റാമ്പും ഇവർ വിറ്റതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പോലീസ് അറയിച്ചു.നുങ്കമ്പാക്കം മേഖലയിൽ കഞ്ചാവുചേർത്ത ചോക്ലേറ്റും കേക്കും വ്യാപകമായി വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് ഇൻസ്പെക്ടർ സേതുവിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്തുകയായിരുന്നു.