റാഞ്ചി : സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള ഹര്‍ ഘര്‍ തിരംഗ ക്യാമ്ബയിന്‍റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഷോക്കടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.
ഞായറാഴ്ച രാത്രി എഴ് മണിയോടെ ജാര്‍ഖണ്ഡിലെ കാങ്കേയിലാണ് സംഭവം. വിനീത് (23), സഹോദരി പൂജ കുമാരി (25), ബന്ധു ആരതി കുമാരി (26) എന്നിവരാണ് മരിച്ചത്. കനത്ത മഴയില്‍ ചരിഞ്ഞ നിലയിലായ ദേശീയ പതാക നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സ്റ്റീലിന്‍റെ വടി കൊണ്ട് പതാക ഉയര്‍ത്താന്‍ ശ്രമിക്കുമ്പോൾ വൈദ്യുതി വയറില്‍ തട്ടി വിനീതിനാണ് ആദ്യം ഷോക്കടിച്ചത്. രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൂജ കുമാരിക്കും ആരതിക്കും ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ വിനീത് മരണപ്പെട്ടു. ആരതിയെയും പൂജയെയും കാങ്കേ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടസമയത്ത് ഇവര്‍ക്ക് അരികില്‍ ഉണ്ടായിരുന്ന പൂച്ചയും ചത്തു.