അതിമാരക ലഹരി മരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്നു യുവാക്കൾ ചാവക്കാട് എക്സെെസിന്‍റെ പിടിയിലായി. ഇവരിൽ നിന്ന് 25 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തു. ചാവക്കാട് എക്സൈസും കമ്മീഷണർ സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. തൃശ്ശൂര്‍ മുല്ലശേരി പേനകം സ്വദേശി ശ്രീരാഗ്, പെരിങ്ങാട് സ്വദേശി അക്ഷയ്, പൂവത്തൂർ സ്വദേശി ജിത്തു എന്നിവരാണ് പിടിയിലായത്. എക്സെെസ് സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡും ചാവക്കാട് എക്സൈസ് റേഞ്ച് സംഘവുമാണ് ഇവരെ പിടികൂടിയത്.അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി ശ്രീകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് മൂന്നുപേരും പിടിയിലായത്. എൽ.എസ്.ഡി സ്റ്റാമ്പുകൾ ബാംഗ്ലൂരിൽ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ എക്സൈസ് സംഘത്തിന് മൊഴി നൽകി.പ്രതികളിൽ ശ്രീരാഗ് കൊടൈക്കനാലിൽ റിസോർട്ട് നടത്തുന്നയാളാണ്.ജിത്തു ഗ്രാഫിക് ഡിസൈനറാണ്.സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഡി ശ്രീകുമാർ പറഞ്ഞു. ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ ഡി.വി ജയപ്രകാശ്,എക്സൈസ് കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ ദേവദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.