തൃശ്ശൂർ കോർപ്പറേഷനിൽ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പിൻവാതിലിലൂടെ നിയമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. ഇരുന്നൂറോളം പാർട്ടി പ്രവർത്തകരെ താൽക്കാലിക ജീവനക്കാരായി കോർപ്പറേഷൻ നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ അപമാനിക്കുകയും, അവർക്ക് ജോലി നിഷേധിക്കുന്ന ഈ തീരുമാനം ആർക്കും അംഗീകരിക്കാൻ കഴിയില്ലെന്ന് ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ പറഞ്ഞു. തൃശ്ശൂർ കോർപ്പറേഷനിൽ ജനറൽ വിഭാഗത്തിലും വൈദ്യുതി വിഭാഗത്തിലുമായി താൽക്കാലികമായും കരാർ വ്യവസ്ഥയിലും അനധികൃത നിയമനങ്ങൾ നടത്തിയതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു. ഒരു തസ്തിക ഒഴിവ് വരുമ്പോൾ അപ്പോൾ തന്നെ പി.എസ്.സിയെയും, എംപ്ലോയ്മെന്‍റി നെയും അറിയിക്കേണ്ടതും നിയമാനുസൃതം ജീവനക്കാരെ നിയമിക്കേണ്ടതുമാണ്. അതിനുപകരം സ്വന്തക്കാരെ രാഷ്ട്രീയ താൽപര്യത്തിന്‍റെ പേരിൽ കോർപ്പറേഷനിൽ കുത്തിനിറക്കുകയാണ്. ഇത് നിയമപരമായി ചോദ്യം ചെയ്യുമെന്ന് രാജൻ.ജെ. പല്ലൻ കൂട്ടിച്ചേർത്തു.