Local

തൃശൂരില്‍ നിരീക്ഷണത്തിലിരിക്കെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു

Published

on

തൃശൂര്‍ പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്‍റെ പശുവാണ് പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നത്. വ്യാഴാഴ്ച രാവിലെ പേയിളകിയതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ച പശു തോട്ടത്തില്‍ അക്രമാസക്തമായി പാഞ്ഞു നടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ്, വെറ്ററിനറി, വനം വകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ പശുവിനെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിച്ചു. വെറ്റിനറി ഡോക്ടര്‍ പശുവിന് പേവിഷബാധയേറ്റതായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് വെടിവെക്കാന്‍ ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്‍റണിയെത്തി പശുവിനെ വെടിവെക്കുകയായിരുന്നു. വരന്തരപ്പിള്ളി എസ്.ഐ. എ.വി. ലാലു, വെറ്റിനറി സര്‍ജന്‍ ഡോ. റോഷ്മ, ചിമ്മിനി റേഞ്ച് ഓഫീസര്‍ അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്. കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിവാസി മനയ്ക്കല്‍ പാറു പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്‍ത്തുമൃഗങ്ങള്‍ക്കും തോട്ടത്തില്‍ മേയുന്ന പശുക്കള്‍ക്കും പേവിഷബാധയേറ്റതായി സംശയിച്ചിരുന്നു. പ്രദേശത്ത് കടിയേറ്റ വളര്‍ത്തു നായകളെ അനിമല്‍ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ നിരീക്ഷിച്ചുവരികയാണ്. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന വനം വകുപ്പ് ജീവനക്കാരന്‍റെ വീട്ടിലെ വളര്‍ത്തുനായ രണ്ടാഴ്ച മുമ്പ് ചത്തിരുന്നു. ഈ സമയമത്രയും ഖാദറിന്‍റെ പശു നിരീക്ഷണത്തിലായിരുന്നു. തോട്ടങ്ങളില്‍ മേഞ്ഞു നടക്കുന്ന പശുവായതിനാല്‍ കെട്ടിയിട്ട് നിരീക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. വെടിവെച്ച് കൊന്ന പശുവിനെ വെറ്റിനറി വകുപ്പിന്‍റെ നിര്‍ദേശപ്രകാരം തന്നെ കുഴിച്ചിട്ടു. ചിമ്മിനി, എച്ചാപ്പാറ പ്രദേശങ്ങളിലും നടാമ്പാടം കോളനിയിലും ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. മേഖലയിലെ വളര്‍ത്തുമൃഗങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version