തൃശ്ശൂർ മെഡിക്കൽ കോളേജ്ചെസ്റ്റ് ഹോസ്പിറ്റൽ കീമോ ഡേ കെയർ സെൻ്റർ വികസനത്തിനായി ഭരണാനുമതി ലഭിച്ചു. 5കോടി 25 ലക്ഷം രൂപയുടെ പ്രവൃത്തിയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. കേരള സർക്കാരിൻ്റെ 2022 – 23 ബഡ്ജറ്റിൽ തൃശൂർ മെഡിക്കൽ കോളേജിനായി തുക വകയിരുത്തിയിരുന്നു. അതിലേക്കായി തയ്യാറാക്കി നൽകിയ 5 കോടി 25 ലക്ഷം രൂപയുടെ കീമോ ഡേ കെയർ സെൻ്റർ വികസന പദ്ധതിയ്ക്കാണ് ഇപ്പോൾ ആരോഗ്യവകുപ്പിൻ്റെ ഉത്തരവിലൂടെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. നിലവിലുള്ള ഡേ കെയർ സെൻ്റർ കെട്ടിടത്തിൽ രണ്ട് നിലകൾ കൂടി പണിയുന്നതിനും, എല്ലാ നിലകളുടെയും തിരശ്ചീനമായ നിർമ്മാണവുമാണ് (ഹൊറിസോണ്ടൽ എക്സ്പാൻഷൻ) പദ്ധതിയിൽ ഉൾപ്പെടുത്തിയിരുക്കുന്നത്. ഈ വികസന പ്രവർത്തനം പൂർത്തിയാകുന്നതോടുകൂടി ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 5 നിലകളിലായി ഡേ കെയർ സെൻ്ററിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുകയും മികച്ച സേവനങ്ങൾ നൽകാനും കഴിയും. കാൻസർ ശസ്ത്രക്രിയ വിഭാഗം, ക്യാൻസർ തീവ്ര പരിചരണ വിഭാഗം കീമോതെറാപ്പി വിഭാഗം എന്നിവയെല്ലാം ഡേ കെയർ സെൻ്ററിൽ ഒരു കുടക്കീഴിൽ ലഭ്യമാവുകയും ചെയ്യും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ , മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും മേൽനോട്ട ചുമതല ഉണ്ടായിരിക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ മധ്യകേരളത്തിലെ പ്രധാന ക്യാൻസർ കെയർ സെൻ്ററായി തൃശ്ശൂർ മെഡിക്കൽ കോളേജ് കീമോ ഡേ കെയർ സെൻ്റർ മാറുമെന്നും, പദ്ധതി ആരംഭിക്കുന്നതിനായുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു