സ്വകാര്യബസ്സിൽ സ്കൂളിൽ നിന്നും മടങ്ങിയ വിദ്യാർത്ഥിക്കുനേരെ ലൈഗികാതിക്രമം നടത്തിയ യുവാവ് ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കുരിയച്ചിറ സ്വദേശിയായ മലയാറ്റിൽ വീട്ടിൽ സഫലാർ സുധീർ ഇസ് ലാഹി (22) യെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. ഗീതുമോൾ അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ജൂലായ് 18നാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ സ്കൂളിൽ പഠിക്കുന്ന കുട്ടി, ക്ലാസ് കഴിഞ്ഞ്, വീട്ടിലേക്ക് പോകുന്നതിനായി വടക്കേ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന പ്രൈവറ്റ് ബസിൽ കയറി, സീറ്റിലിരിക്കുമ്പോൾ കുട്ടിയുടെ ദേഹത്ത് പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പർശിക്കുകയും ലൈംഗിക ആവശ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇയാൾ ഇതിനുമുമ്പും ഇതേ വിദ്യാർത്ഥിയെ പിന്തുടർന്ന്, സമാനമായ രീതിയിൽ കുറ്റകൃത്യത്തിന് ശ്രമിച്ചിരുന്നതായും പരാതിയിൽ പറയുന്നു. തുടർന്ന് തൃശൂർ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ സമാനമായ കുറ്റകൃത്യത്തിന് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ഈസ്റ്റ് പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ദുർഗാലക്ഷ്മി, സിവിൽ പോലീസ് ഓഫീസർ എം. ഹരീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്ത സംഘാംഗങ്ങൾ