കത്തുന്ന കനല്‍ക്കണ്ണുകളും നാട് നടുങ്ങുന്ന ഗര്‍ജ്ജനവുമായി ഇന്ന് തൃശൂര്‍ നഗരം കീഴടക്കാന്‍ പുലികളിറങ്ങും. തൃശൂരിന്റെ ഹൃദയതാളവും സ്വകാര്യ അഹങ്കാരവുമായി ആറു പതിറ്റാണ്ടിലേറെയായി തുടരുന്ന പുലിക്കളിയെ ഒരിടവേളക്ക് ശേഷം ആസ്വദിക്കാനുള്ള അത്യാവേശത്തിലാണ് നാട്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷം പുലിക്കളി മുടങ്ങിയിരുന്നു. വിയ്യൂര്‍ സെന്റര്‍ ടീം, അയ്യന്തോള്‍ ദേശം, ശക്തന്‍ ദേശം, പൂങ്കുന്നം ദേശം, കാനാട്ടുകര ദേശം എന്നിങ്ങനെ 5 സംഘങ്ങളാണ് ഇക്കുറി പൂരനഗരിയെ പുലിനഗരിയാക്കി മാറ്റുക. ഒരോ സംഘത്തിലും 35 മുതല്‍ 51 പുലികള്‍ വരെ ഉണ്ടാകും. ലോകത്ത് കുടവയര്‍ അലങ്കാരമാക്കുന്ന ഏക കലാരൂപമെന്ന പ്രത്യേകതയും പുലിക്കളിക്കുണ്ട്. ഏറ്റവും വലിയ വയറുള്ള പുലിയാണ് ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കുക.വടക്കുന്നാഥനെ സാക്ഷിയാക്കി ഇന്ന് വൈകീട്ട് 4 മുതല്‍ പുലികളും പുരുഷാരവും ചേര്‍ന്ന് പൂരനഗരി കീഴടക്കും. നാലോണനാളില്‍ നാടുണര്‍ത്തുന്ന ഈ ആഘോഷത്തിന് കേരളത്തിലെമ്പാടും സഹൃദയരുണ്ട്. മാസങ്ങളുടെ ഒരുക്കങ്ങളാണ് പുലിക്കളി സംഘങ്ങള്‍ക്കുള്ളത്. പണ്ടൊക്കെ മൂന്നാമോണ നാളില്‍ രാത്രി തന്നെ പുലികള്‍ മടയില്‍ ഒരുങ്ങാറുണ്ട്. നടുവിലാല്‍ ഗണപതിക്ക് മുമ്പില്‍ നാളികേരമുടച്ചാണ് പുലികള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുക. ചെണ്ടയുടെ താളത്തിനൊത്ത് നൃത്തച്ചുവടുകളോടെയാണ് പുലികള്‍ മുന്നോട്ടു നീങ്ങുക. പുലികള്‍ക്കൊപ്പം വിസ്മയക്കാഴ്ചകളാകുന്ന നിശ്ചലദൃശ്യങ്ങളും അണിനിരക്കും. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലേയും കഥാപാത്രങ്ങളും ആനുകാലിക സംഭവങ്ങളും നിശ്ചലദൃശ്യങ്ങളില്‍ ഇടംപിടിക്കും. വരയന്‍ പുലികളും പുള്ളിപ്പുലികളും കരിമ്പുലികളും കുട്ടിപ്പുലികളുമൊക്കെ സംഘത്തിലുണ്ടാവും. പുലിക്കളി സംഘങ്ങള്‍ക്ക് കോര്‍പറേഷന്‍ നല്‍കുന്ന ധനസഹായം ഇക്കുറി രണ്ടുലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ ഒരു ലക്ഷം രൂപ നല്‍കി. പുലിക്കളി സംഘങ്ങളുടെ നിശ്ചലദൃശ്യം കടന്നുവരുന്ന വഴികളിലെ തടസം മുറിച്ചുമാറ്റി വഴിയൊരുക്കിയിട്ടുണ്ട്. ഇത്തവണ ഒന്നാം സ്ഥാനക്കാര്‍ക്ക് നല്‍കിയിരുന്ന പതിനായിരം എന്നത് അമ്പതിനായിരമാക്കിയും ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനക്കാര്‍ക്ക് 40000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 30,000 രൂപയും സമ്മാനം ലഭിക്കും. മികച്ച പുലിവേഷത്തിനും പുലിക്കൊട്ടിനും സമ്മാനങ്ങളുണ്ട്.