ജാലിയന്‍വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് 104 വര്‍ഷം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ രക്തരൂക്ഷിതമായ അധ്യായമാണ് ജാലിയന്‍വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രില്‍ 13ന് സിഖുകാരുടെ വൈശാഖി ഉത്സവത്തിന്റെ ഭാഗമായി റൗലറ്റ് ആക്റ്റ് എന്ന കരിനിയമവുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍, അമൃത്സറിലെ ജാലിയന്‍വാലാബാഗ് മൈതാനത്ത് പൊതുയോഗം സംഘടിപ്പിച്ചു. വിശാലമായ മൈതാനത്തിനു ചുറ്റും ഉയര്‍ന്ന മതില്‍ക്കെട്ടുണ്ടായിരുന്നു. അകത്തേക്കും പുറത്തേക്കും കടക്കാന്‍ ഒരു ചെറിയ ഗേറ്റ് മാത്രം. പ്രതിഷേധയോഗം തനിക്കെതിരാണെന്ന് കരുതിയ ജനറല്‍ റെജിനാള്‍ഡ് ഡയര്‍ സൈന്യവുമായി മൈതാനത്തേക്കുവന്ന് ജനക്കൂട്ടത്തെ വളഞ്ഞു. പുറത്തേക്കുള്ള വഴി തടഞ്ഞുനിന്നിരുന്ന സൈന്യത്തോട് ജനക്കൂട്ടത്തിനുനേരെ വെടിവയ്ക്കാന്‍ ഡയര്‍ ഉത്തരവിട്ടു.അപ്രതീക്ഷിതമായ വെടിവയ്പ്പില്‍ പിടഞ്ഞുമരിച്ചത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍.ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണക്കനുസരിച്ച് 379 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ആയിരത്തിലേറെപ്പേര്‍ക്ക് ജീവന്‍നഷ്ടമായെന്നാണ് അനൌദ്യോഗിക കണക്ക്.വെടിയുണ്ടകള്‍ തീര്‍ന്നുപോയതുകൊണ്ടാണ് അന്ന് കൂട്ടക്കൊല അവസാനിച്ചത്.പില്‍ക്കാലത്ത്, വെടിവയ്പ്പിന് ദൃക്ഷ്‌സാക്ഷിയായ ഉധം സിംഗ് മൈക്കല്‍ ഡയറിനെ വെടിവെച്ചു കൊലപ്പെടുത്തി. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയോടെ ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിന് പുതിയ ദിശാബോധം ഉണ്ടായി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തില്‍ ഇരുണ്ട ഏടുകളില്‍ ഒന്നായി മാറി ജാലിയന്‍വാലാബാഗ് സംഭവം അറിയപ്പെട്ടു.കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഖേദം പ്രകടിപ്പിച്ചിരുന്നു. ശതാബ്ദി വേളയില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബ്രിട്ടിഷ് എംപിമാരുള്‍പ്പെടെ രംഗത്തെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇന്ത്യാ ചരിത്രത്തിലെ എക്കാലത്തെയും വേദനിക്കുന്ന മുറിപ്പാടാണ് ജാലിയന്‍വാലാബാഗ്.