ഇന്ന് സെപ്റ്റംബർ 29- ലോക ഹൃദയ ദിനം. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. ഹൃദയ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഹൃദയദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ഹൃദയങ്ങൾക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുകായെന്നതാണ് ഈ വർഷത്തേ സന്ദേശം. ലോകത്ത് പ്രതിവർഷം 17 ദശലക്ഷത്തിലധികം ആളുകൾക്ക് ഹൃദ്രോഗം മൂലം ജീവൻ നഷ്ടപ്പെടുന്നുവെന്നാണ് കണക്കുകൾ. ഇത് ആകെ മരണങ്ങളുടെ 32 ശതമാനമാണ്. ലോകത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളിൽ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമുണ്ടാകുന്നതാണ്. ഹൃദയസ്തംഭനമുണ്ടാകുന്ന അഞ്ചിൽ ഒരാൾ 40 വയസിന് താഴെയുള്ളവരുമാണ്.ഹൃദ്രോഗങ്ങൾ മൂലം മരിക്കുന്നവരിൽ 50 ശതമാനം പേരും ‘സഡൺ കാർഡിയാക് അറസ്റ്റ്’ മൂലം മരിക്കുന്നവരാണെന്നാണ് റിപ്പോർട്ടുകൾ . ജിമ്മും ഡയറ്റും ചിട്ടയായ ജീവിതശൈലിയുമൊക്കെ പിന്തുടർന്നിട്ടും പലരെയും മരണം കവർന്നെടുക്കുന്നതും ‘സഡൺ കാർഡിയാക് അറസ്റ്റിലൂടെയാണ്.ജീവിത കാലം മുഴുവൻ ശ്രദ്ധയോടെ ഹൃദയത്തെ പരിചരിച്ചാലെ ഹൃദയാരോഗ്യം നിലനിർത്താനാകൂ. അമിതമാകാത്ത പതിവ് വ്യായാമം, ജീവിത- ഭക്ഷണരീതികളുടെ ക്രമീകരണം, പതിവ് പരിശോധനകൾ തുടങ്ങിയവയിലൂടെ ഒരുപരിധിവരെ ഹൃദയാരോഗ്യം നിലനിർത്താം.