രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. നാം എല്ലാ വര്‍ഷവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ നിയമസംഹിതയാണ് ഭരണഘടന. 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950ല്‍ അംഗീകരിച്ചത്.
റിപ്പബ്ളിക് ദിനം രാജ്യമൊട്ടാകെ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. സ്‌കൂളുകളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, മറ്റു സ്വകാര്യസ്ഥാപനങ്ങളിലും ഭാരതത്തിന്റെ ദേശീയപതാക ഉയര്‍ത്താന്‍ അനുവാദമുള്ള ദിനമാണത്. വ്യത്യസ്ത ജാതികളും, മതങ്ങളും, പശ്ചാത്തലങ്ങളും നിറങ്ങളുമുള്ള ആളുകള്‍ അന്ന് ദേശീയത എന്ന ഒറ്റനൂലില്‍ ഒന്നിച്ചു കോര്‍ത്തെടുക്കുന്ന മുത്തുകള്‍ പോലെ ചേരുന്നു. വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും നമ്മുടെ പൂര്‍വ്വികരുടെ ത്യാഗത്തേയും സമര്‍പ്പണത്തേയും സ്വാതന്ത്ര്യവാഞ്ഛയേയും ഓര്‍മ്മിക്കാനും ആഘോഷിക്കാനും ഈ ദിവസം നമ്മെ ഒരുമിച്ച് ചേര്‍ക്കുന്നു.