ഒക്ടോബർ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കുന്നു. വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെയ്ക്കാനോ ആർക്കും കഴിയില്ല. വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണ്, അനിവാര്യതയാണ്, ആർക്കും അതിനെ തടഞ്ഞു നിർത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിൻ്റെ നല്ല നാളുകൾ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാർദ്ധക്യം. അവർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നിൽ. അതുകൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങൾക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്. ലോക വയോജന ദിനം ആചരിക്കുന്ന ഈ ദിനത്തിൽ നമ്മുടെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച, ഇന്ന് വാർധക്യത്തിന്റെ അവശതകളിലെയ്ക്ക് നീങ്ങിത്തുടങ്ങിയവരോട് ചേർന്ന് നിൽക്കാൻ ശ്രമിക്കാം.