ഇന്ന് ലോക സൗരോര്‍ജ ദിനം. ഭൂമിയുടെ നിലനില്‍പ്പിന്റെ ആധാരം തന്നെ സൂര്യനാണെന്ന് പറയാം. ഭൂമിയിലേക്കുളള വെളിച്ചവും ചൂടും ഊര്‍ജവും പ്രധാനം ചെയ്യുന്നത് സൂര്യനാണ്. ഇത്തരത്തില്‍ നമ്മുടെ ഗ്രഹത്തെ പ്രകാശിപ്പിക്കുന്ന സൂര്യനെയും അതിന്റെ ഊര്‍ജ്ജ സാധ്യതകളെ ഉയര്‍ത്തിക്കാട്ടാനുമാണ് ഈ ദിനം ആചരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ 1978 ലാണ് സൗരോര്‍ജ്ജത്തെ പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ ഊര്‍ജ്ജ സ്രോതസ്സുമായി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ദിനം ഏര്‍പ്പെടുത്തിയത്.സൗരോര്‍ജം ഏറ്റവും സുരക്ഷിതമായ പരിസ്ഥിതി സൗഹൃദ ഊര്‍ജ സ്രോതസ്സുകളില്‍ ഒന്നാണ്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത് പരിസ്ഥിതിയെ മലിനമാക്കുന്നില്ല, മറ്റ് പ്രതികൂല ഫലങ്ങളൊന്നുമില്ല. അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകനും സൗരോര്‍ജത്തിന്റെ വക്താവുമായ ഡെനിസ് ഹെയ്സ് ആണ് സണ്‍ ഡേ അഥവ സൗരോര്‍ജ ദിനം എന്ന ആശയം നിര്‍ദ്ദേശിച്ചത്.1970 ഏപ്രില്‍ 22 ന് നടന്ന ആദ്യത്തെ ഭൗമദിനത്തിന്റെ കോര്‍ഡിനേറ്ററായിരുന്നു അദ്ദേഹം. ഭൗമദിനത്തിന് ശേഷം സണ്‍ ഡേ ആചരിക്കാം എന്നത് അദ്ദേഹത്തിന്റെ അഭിപ്രായമായിരുന്നു. തുടര്‍ന്ന് 1978-ല്‍, യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അവധി പ്രഖ്യാപിച്ചു. പിന്നീട് അത് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് ലോകമെമ്പാടും വ്യാപിച്ചു. അന്താരാഷ്ട്ര സൂര്യ ദിനത്തില്‍, സൗരോര്‍ജ സ്രോതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി ആഗോള പരിപാടികള്‍ നടത്തപ്പെടുന്നുണ്ട്.