രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ പുൽവാമ ചാവേർ ബോംബ് ആക്രമണത്തിന് ഇന്ന് നാലാണ്ട്. ധീര ജവാന്മാരുടെ ഓർമ്മ പുതുക്കി രാഷ്‌ട്രം. ആക്രമണത്തിൽ ബലിദാനികളായ ജവാന്മാരെ അനുസ്മരിച്ച് രാജ്യമെമ്പാടും ഇന്ന് വിവിധ പരിപാടികൾ നടക്കും.2019 ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിലെ ലത്താപോരയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യുവരിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ആറ് ഭീകരരെ വകവരുത്തുകയും ഏഴ് പേരെ സുരക്ഷാ സേന പിടികൂടുകയും ചെയ്തിരുന്നു.
അമേരിക്ക, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നപ്പോൾ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ പാകിസ്താനെ സംരക്ഷിക്കുന്ന നിലപാടാണ് ചൈനയും തുർക്കിയും സ്വീകരിച്ചത്. ജെയ്‌ഷെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ ചൈ തടഞ്ഞു. 2019 ന് മെയ് ഒന്നിന് അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഐക്യരാഷ്‌ട്ര സഭ ഉൾപ്പെടുത്തി.
ആക്രമണത്തിന് പിന്നിലെ പാക് ഗൂഡാലോചനയ്‌ക്ക് ബാലാക്കോട്ടിൽ ബോംബ് വർഷിച്ചാണ് ഇന്ത്യ മറുപടി നൽകിയത്. 2019 ഫെബ്രുവരി 27 ന് പാക് അധിനിവേശ കശ്മീരിലെ ജയ്‌ഷെ മുഹമ്മദ് ഭീകര ക്യാമ്പിന് മുകളിലൂടെ പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങൾ ബോംബുകൾ വർഷിച്ച് പ്രദേശത്തെ ചാരമാക്കി. ആക്രമണത്തിൽ 350-ൽ അധികം ജയ്‌ഷെ ഭീകരരെ വധിച്ചു.