ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്‍ചെരാതുകളില്‍ കാര്‍ത്തിക ദീപം കത്തിച്ച്, ദേവിയെ മനസില്‍ വണങ്ങി നാടെങ്ങും തൃക്കാർത്തിക ആഘോഷിക്കുന്നു. വിളക്ക്, പ്രകാശം പരത്തുന്നത് പോലെ തൃക്കാർത്തിക ദിനം ആചാര വിധികളോടെ ആചരിക്കുമ്പോള്‍ ദേവി ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകര്‍ത്തുന്നു എന്നാണ് വിശ്വാസം. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് ഇന്നേ ദിവസം തൃക്കാര്‍ത്തിക മഹോത്സവമായി ആചരിക്കുന്നത്. കേരളത്തിൽ ദേവിയുടെ പ്രീതിക്കായാണ് തൃക്കാർത്തിക ആഘോഷിക്കുന്നത് വൃശ്ചിക മാസത്തിലെ പൗർണ്ണമിയും കാർത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസം ആണ് കേരളത്തിൽ തൃക്കാർത്തികയാ യി ആഘോഷിക്കുന്നത് ആ ദിവസം ഭവനങ്ങൾ ദീപങ്ങളാൽ അലംകൃതമായി സന്ധ്യയെ വരവേൽക്കും. വടക്കാഞ്ചേരി മേഖലയിലുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളിലും തൃക്കാർത്തികാഘോഷം നടക്കും. ഉത്രാളിക്കാവ്, പനങ്ങാട്ടുകര, എങ്കക്കാട് കൊടലാണിക്കാവ് എന്നീ ക്ഷേത്രങ്ങളിൽ വൈകീട്ട് കാർത്തിക ദീപം തെളിയിക്കും.