Malayalam news

വന്ദേ ഭാരതിനായി ട്രാക്ക് ബലപ്പെടുത്തല്‍; അതിവേഗം ലക്ഷ്യമിട്ട് റെയില്‍വേ

Published

on

വന്ദേഭാരത് എക്പ്രസിന്  അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റയില്‍വേ. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗവും ഭാവിയില്‍ 130 കിലോമീറ്ററുമാണ് ലക്ഷ്യമിടുന്നത്.   എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേ തുടങ്ങി. വന്ദേഭാരതിന് കുതിച്ച് പായാന്‍ കേരളത്തിലെ പാളങ്ങളിലെ വളവും തിരിവുമാണ് പ്രധാന തടസങ്ങള്‍. ചെറിയ വളവുകള്‍ ഉളളയിടങ്ങളിലെല്ലാം അത് പരിഹരിക്കാനുളള ശ്രമം തുടങ്ങി. ട്രാക്കിന്റ അറ്റ കുറ്റപ്പണികളും ആരംഭിച്ചു. പാളത്തിന് സുരക്ഷ നല്കുന്ന പാളത്തോട്  ചേര്‍ന്നു കിടക്കുന്ന മെററല്‍ ഉറപ്പിക്കാനും ഉയരം കൂട്ടാനുമുളള പണികളും ഉയര്‍ന്ന ശേഷിയുളള സ്ളീപറും റെയിലും സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു. വന്ദേഭാരത് എക്സ്പ്രസ് ഉള്‍പ്പെടെ ഭാവിയില്‍ വരാനിരിക്കുന്ന ഹൈസ്പീഡ് ട്രെയിനുകള്‍ ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്. സ്ഥിരം സ്പീഡ് നിയന്ത്രണമുളളയിടങ്ങളില്‍ അതിന്റെ കാരണങ്ങളും പരിഹരിക്കാനുളള ശ്രമങ്ങളും സംബന്ധിച്ച് പഠനവും തുടങ്ങി. ഭൂമിയേറ്റെടുക്കാതെ വേഗ നിയന്ത്രണം നീക്കാന്‍കഴിയുന്ന ഇടങ്ങളിലെല്ലാം നടപടിയിലേയ്ക്ക് കടന്നു. ഇതോടെ മറ്റ് ദീര്‍ഘദൂര ട്രെയിനുകളുടേയും വേഗം കൂടും. തിരുവനന്തപുരം –കായംകുളം സെക്ഷനില്‍ നിലവിലെ വേഗം 100 കിലോമീറ്ററാണ്. കായംകുളം – എറണാകുളം സെക്ഷനില്‍ 90 ഉം എറണാകുളം – ഷൊര്‍ണൂര്‍ സെക്ഷനില്‍ 80 കിലോമീറ്ററുമാണ് വേഗം. ഇൗ സെക്ഷനുകളില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഭാവിയില്‍ 130 കിലോ മീറ്റര്‍ വരെ കൂട്ടാനുമാണ് ലക്ഷ്യം. നിലവില്‍ ഷൊര്‍ണൂര്‍ –മംഗലാപുരം സെക്ഷനില്‍ മാത്രമാണ് 110 കിലോമീറ്റര്‍ വേഗം സാധ്യമാകുന്നത്. എറണാകുളം –ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയാണ് ആലോചിക്കുന്നത് . തുടക്കത്തില്‍ തന്നെ 110 കിലോമീറ്ററിന് മുകളിലായിരിക്കും നിര്‍ദിഷ്ട പാതയിലെ വേഗം.

Trending

Exit mobile version