കൊല്ലം ചാത്തന്നൂര്‍ മേഖലയില്‍ രണ്ടിടങ്ങളിലായി അനധികൃത മദ്യവില്‍പന നടത്തിയ രണ്ടുപേര്‍ പിടിയിലായി. എക്സൈസും പൊലീസുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ ഉളിയനാട് സനൂജ് മൻസിലിൽ സലിം ആണ് പൊലീസിന്റെ പിടിയിലായത്. ഓട്ടോയിൽ കറങ്ങി നടന്ന് മദ്യം വില്‍ക്കുന്നതായിരുന്നു രീതി.കഴിഞ്ഞദിവസം ശീമാട്ടി ജംഗ്ഷനിൽ ഓട്ടോയിലിരുന്നു മദ്യം വിൽക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. വാഹനത്തിന്റെ പിന്‍ഭാഗത്തു നിന്ന് മദ്യക്കുപ്പികൾ പൊലീസ് കണ്ടെത്തി. മുൻപും പല തവണ അനധികൃത മദ്യവിൽപ്പനയ്ക്ക് ആറ് കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉളിയനാട് ഇടക്കുന്ന് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ കേസില്‍ പ്രതിയെ പിടികൂടിയത്. കാവിഴികത്ത് വീട്ടിൽ 32 വയസ്സുള്ള ഡിറ്റുവിനെ അറസ്റ്റ് ചെയ്തു. ഇടക്കുന്ന് ജംക്ഷനിലായിരുന്നു പ്രതിയുടെ പരസ്യമദ്യക്കച്ചവടം. ഡിറ്റുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനാലര ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.