കോട്ടയം കോതനല്ലൂരിൽ ബാറിനു മുന്നിൽ തോക്കുമായി എത്തി വെടിയുതിർത്ത കേസിൽ രണ്ടുപേർ പിടിയിൽ. കാണക്കാരി സ്വദേശികളായ നൈജിൽ ജയ്മോൻ, ജോബിൻ സാബു എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ബൈക്കിൽ എത്തിയ യുവാക്കൾ കോതനല്ലൂരിലെ ബാറിന് മുന്നിൽവെച്ച് എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്ത ശേഷം കടന്ന് കളയുകയായിരുന്നു. സുഹൃത്തുക്കൾ ആവശ്യപ്പെട്ടപ്രകാരം കൗതുകത്തിന് വേണ്ടിയാണ് വെടിയുതിർത്തത് എന്നാണ് പ്രതികൾ പറയുന്നത്.എന്നാൽ കൗതുകം അല്പം കൂടിയത്തോടെ ബാർ ഉടമ പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം മുങ്ങിയ ജയ്മോൻ, ജോബിൻ എന്നിവരെ കടുത്തുരുത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പ്രതികളിൽ ഒരാളായ ജോബിൻ സാബുവിന് കുറവിലങ്ങാട് സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.