പാലക്കാട് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ 130 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് പോയ എയർ ബസിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ത്രിശൂർ ചാവക്കാട് സ്വദേശികളായ ഉമർ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് മാർക്കറ്റിൽ 10 ലക്ഷം രൂപ വിലവരും. ദിവസങ്ങൾക്ക് മുമ്പ് കൊച്ചി കങ്ങരപ്പടിയിൽ 104 ഗ്രാം എംഡിഎംഎ വീട്ടിൽ സൂക്ഷിച്ച യുവാവ് പിടിയിലായിരുന്നു. കങ്ങരപ്പടി സ്വദേശി മുഹമ്മദ് ഷമീം ആണ് പിടിയിലായത്. ഷമീമും ബാംഗ്ലൂരിൽ നിന്ന് എത്തിയതായിരുന്നു. യുവാവ് ബാംഗ്ലൂരിൽ നിന്ന് മാരക മയക്കുമരുന്ന് കൊച്ചിയിൽ എത്തിക്കുന്നു എന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ എത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു.തൃക്കാക്കര പൊലീസിന്റെ നേതൃത്വത്തിലാണ് ഷമീമിന്റെ വീട്ടിൽ വിശദമായ പരിശോധന നടന്നത്. പലർക്കായി വിൽപ്പന നടത്തുന്നതിനാണ് യുവാവ് എംഡിഎംഎ വീട്ടിൽ സൂക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തിവരികയാണ്.