അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഡിയിൽ നടന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിനാണ് ഇന്ത്യ മറികടന്നത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 167 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 57 പന്തിൽ പുറത്താകാതെ 92 റൺസെടുത്ത ഓപ്പണർ ശ്വേത സെഹ്‌റാവത്താണ് ഇന്ത്യയുടെ വിജയശിൽപി. ലോകകപ്പിനു മുൻപ് നടന്ന ടി-20 പരമ്പരയിൽ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക പക്ഷേ, ലോകകപ്പിൽ ഞെട്ടിച്ചു. 15 വയസുകാരി സിമോണി ലോറൻസ് തുടരെ ബൗണ്ടറികൾ നേടിയപ്പോൾ ഇന്ത്യ ഞെട്ടി. ഷബ്‌നം എംഡി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ലോറൻസ് അടിച്ചുകൂട്ടിയത് 18 റൺസ്. സഹ ഓപ്പണർ എലാന്ദ്രി റെൻസ്ബർഗും സാവധാനം ആക്രമണ മോഡിലേക്കെത്തിയപ്പോൾ ഇന്ത്യ വിയർത്തു. നാലാം ഓവറിലെ അവസാന പന്തിൽ റെൻസ്ബർഗ് (13 പന്തിൽ 23) പുറത്തായതോടെ ഇന്ത്യയ്ക്ക് ശ്വാസം നേരെ വീണു. റെൻസ്ബർഗിനെ സോനം യാദവിൻ്റെ പന്തിൽ റിച്ച ഘോഷ് പിടികൂടുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഒലുഹ്ലെ സിയോയെ ഷഫാലി ക്ലീൻ ബൗൾഡാക്കി. പിന്നീട് റൺ നിരക്ക് കുറഞ്ഞു. അടുത്ത 9 ഓവറിൽ വെറും 36 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് 2 വിക്കറ്റും നഷ്ടമായി. കയ്ല റെയ്‌നെകെയെ (26 പന്തിൽ 11) ട്രിഷയുടെ കൈകളിലെത്തിച്ച ഷഫാലിയാണ് രണ്ടാം വിക്കറ്റും സ്വന്തമാക്കിയത്. ഇതിനിടെ 33 പന്തിൽ ലോറൻസ് ഫിഫ്റ്റി തികച്ചു. അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ മാഡിസൺ ലാൻഡ്സ്‌മാനും തകർപ്പൻ ഫോമിലായിരുന്നു. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ ലാൻഡ്സ്‌മാൻ ഇന്ത്യയെ വീണ്ടും സമ്മർദത്തിലാക്കി. ഇതിനിടെ സിമോണി ലോറൻസ് (44 പന്തിൽ 61) റണ്ണൗട്ടായി. വൈകാതെ 17 പന്തിൽ 32 റൺസ് നേടിയ ലാൻഡ്സ്‌മാനെ പർശവി ചോപ്ര വിക്കറ്റിനു മുന്നിൽ കുടുക്കി. കരാബോ മെസോ (11 പന്തിൽ 19), മിയാൻ സ്‌മിറ്റ് (9 പന്തിൽ 16) എന്നിവർ പുറത്താവാതെ നിന്നു. മോശം ഫീൽഡിംഗ് ആണ് ഇന്ത്യയ്ക്ക് തിരിച്ചടി ആയത്. മറുപടി ബാറ്റിംഗിൽ ഷഫാലിയും ശ്വേതയും ചേർന്ന് അതിഗംഭീര തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ശ്വേത ആദ്യ ഓവറുകളിൽ ബുദ്ധിമുട്ടിയപ്പോൾ ഷഫാലി ടോപ്പ് ഗിയറിൽ കുതിച്ചു. താബിസെങ്ങ് നിനി എറിഞ്ഞ ആറാം ഓവറിൽ 5 ബൗണ്ടറിയും ഒരു സിക്സറും അടിച്ച ഷഫാലി പവർപ്ലേയിൽ ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 70ലെത്തിച്ചു. 8ആം ഓവറിലെ ആദ്യ പന്തിൽ ഷഫാലി (16 പന്തിൽ 45) പുറത്തായി. മിയന സ്‌മിറ്റിനായിരുന്നു വിക്കറ്റ്. ഷഫാലി പുറത്തായതോടെ ശ്വേത കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 12 പന്തിൽ 6, 23 പന്തിൽ 23 എന്നീ നിലകളിൽ നിന്ന് തുടർ ബൗണ്ടറികളിലൂടെ സ്കോർ ഉയർത്തിയ താരത്തോടൊപ്പം ട്രിഷയും ബൗണ്ടറികൾ കണ്ടെത്തി. എന്നാൽ, 11 പന്തിൽ 15 റൺസെടുത്ത് ട്രിഷ പുറത്തായി. ഇതിനിടെ 37 പന്തിൽ ശ്വേത ഫിഫ്റ്റി തികച്ചു. തുടർന്ന് ഇന്ത്യൻ ഇന്നിംഗ്സിനെ ഒറ്റക്ക് ചുമലിലേറ്റിയ ശ്വേത ഇന്ത്യയെ തകർപ്പൻ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സൗമ്യ തിവാരി (10) മടങ്ങിയെങ്കിലും ഒരു ബൗണ്ടറിയിലൂടെ ശ്വേത ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.