യുഎസിലെ ഇൻഡ്യാനയിലെ ഷോപ്പിംഗ് മാളിൽ നടന്ന വെടിവെപ്പിൽ അക്രമി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതായി ഗ്രീൻവുഡ് മേയർ മാർക്ക് മയേഴ്‌സ് അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വെടിവെപ്പുണ്ടായത് ഗ്രീൻവുഡ് പാർക്ക് മാളിലെ ഫുഡ് കോർട്ടിലാണ്. അക്രമി ഒറ്റയ്ക്കായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തോക്ക് കൈവശമുണ്ടായിരുന്ന മറ്റൊരാൾ അക്രമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവ സ്ഥലത്ത് വെച്ചുതന്നെ അക്രമി കൊല്ലപ്പെടുകയായിരുന്നു. ഇതിനിടയിൽ ഫുഡ്‌കോർട്ടിന് സമീപമുള്ള ശുചിമുറിയിൽ നിന്നും സംശയാസ്പദമായ ഒരു ബാഗ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ ഇൻഡ്യാന മെട്രോപൊളിറ്റൻ പോലീസും മറ്റ് ഏജൻസികളും ചേർന്നാണ് അന്വേഷണം നടത്തുന്നത്. അമേരിക്കയിൽ തോക്ക് അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി ആയുധങ്ങൾ നിരോധിക്കണമെന്നും അല്ലെങ്കിൽ ഇവ വാങ്ങാനുള്ള പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തണമെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.