നിയമലംഘനം നടത്തുന്ന ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
അന്തര്‍ സംസ്ഥാന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ കണ്ടെത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി.
കോട്ടയം ചിങ്ങവനത്ത് വിനോദ യാത്രക്കായി എത്തിയ അഞ്ച് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ വിലക്കി. ബസുകളില്‍ എയര്‍ഹോണും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച നിലയിലും കണ്ടെത്തിതിനെ തുടര്‍ന്നാണ് വിലക്കിയത്. കൊല്ലം കൊട്ടാരക്കരയിലും ബസിനെതിരെ നടപടിയെടുത്തിട്ടുണ്ട്. വിനോദ യാത്രക്ക് സ്പിഡോ മീറ്റര്‍ ഇല്ലാത്ത ബസാണ് എത്തിച്ചത്. തലച്ചിറയിലെ സ്വകാര്യ കോളജിന്റെ വിനോദ യാത്രക്കായി എത്തിച്ച ബസാണ് തടഞ്ഞത്. ബസില്‍ നിരോധിത ലേസര്‍ ലൈറ്റും വലിയ ശബ്ദ സംവിധാനവും കണ്ടെത്തിയിരുന്നു.