Local

വടക്കാഞ്ചേരി നഗരസഭയുടെ അതിദാരിദ്ര്യ നിർമ്മാർജ്ജന ഉപ പദ്ധതിക്ക് നഗരസഭാ കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകി

Published

on

വടക്കാഞ്ചേരി നഗരസഭയുടെ അതിദാരിദ്ര്യ നിർമ്മാർജ്ജന ഉപ പദ്ധതിക്ക് നഗരസഭാ കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകി. നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ആകെ 1.5 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. 91 കുടുംബങ്ങളാണ് അതിദാരിദ്ര്യ മൈക്രോപ്ലാനിലുള്ളത്. മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിന്‍റെ ഭാഗമായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ MSW വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭവന സന്ദര്‍ശനം നടത്തി തയ്യാറാക്കിയ ഘടകങ്ങള്‍ കൗണ്‍സിൽ യോഗത്തിലും വാര്‍ഡ് തല സമിതിയിലും പരിശോധിച്ച് തയ്യാറാക്കിയ മൈക്രോപ്ലാന്‍ നഗരസഭാതല സമിതി ചേര്‍ന്ന് ശില്‍പശാല നടത്തുകയും. കോര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തിൽ മൈക്രോപ്ലാന്‍ തയ്യാറാക്കുകയും തുടർന്ന് കരട് മൈക്രോപ്ലാന്‍ അംഗീകാരത്തിനായിട്ടാണ് കൗണ്‍സിൽ യോഗത്തിൽ സമര്‍പ്പിച്ചത്. 8 റേഷന്‍ കാര്‍ഡുകള്‍ എ.പി.എല്‍.-ല്‍ നിന്നും ബി.പി.എല്‍. ആക്കിയും റേഷന്‍ കാര്‍ഡില്ലാത്ത 6 പേര്‍ക്ക് റേഷന്‍കാര്‍ഡ് അനുവദിച്ചും ഐ.ഡി. കാര്‍ഡും ബാങ്ക് അക്കൗണ്ടും ഇല്ലാത്ത നാലു കുടുംബങ്ങള്‍ക്ക് അത് അനുവദിക്കുന്നതിനുള്ള നടപടികള്‍ നഗരസഭ സ്വീകരിച്ചിട്ടുണ്ട്.
സ്വന്തമായി വീടില്ലാത്ത അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വീട് അനുവദിക്കുന്നതിന് ലൈഫ് പദ്ധതിയുടെ സഹായത്തോടെ 96 ലക്ഷം രൂപ വകയിരുത്തി. കുടുംബശ്രീ കെട്ടിട നിര്‍മ്മാണ യൂണിറ്റിനെ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം നടത്തുക. സ്വച്ഛ് ഭാരത് മിഷന്‍റെ സഹായത്തോടെ കക്കൂസ് പുനരുദ്ധാരണത്തിന് 5 ലക്ഷം രൂപയും നഗരസഭ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഭവന പുനരുദ്ധാരണം, കിണര്‍ റിപ്പയറിംഗ് എന്നിവയ്ക്കായി 15 ലക്ഷം രൂപ രൂപയും, വകയിരുത്തിട്ടുണ്ട്. അതിദരിദ്ര കുടുംബത്തിന് വീട് നിര്‍മ്മാണ അനുബന്ധ പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഈ സ്ഥിതി മറികടക്കാനാണ് കുടുംബശ്രീയുടെ പരിശീലനം നേടിയതും നഗരസഭയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതുമായ കുടുംബശ്രീ യൂണിറ്റിനെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ വീട്ടിലേയ്ക്കുള്ള ഗതാഗത സൗകര്യം കുറഞ്ഞ 6 കുടുംബങ്ങള്‍ക്ക് വഴിവെട്ടി നല്‍കുന്നതിനും യാത്ര സുഗമമാക്കുന്നതിനും പ്രാദേശിക സഹകരണത്തോടെ 1 ലക്ഷം രൂപയും. 15 കുടുംബങ്ങളിലെ ചില അംഗങ്ങള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരായി കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ അവര്‍ക്ക് ജില്ലാ മെന്‍റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്‍റെ സഹായത്തോടെ ചികിത്സ ഉറപ്പാക്കുന്നതിനും ആവശ്യമെങ്കില്‍ പുനരധിവാസം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കും. തൊഴിലെടുക്കാന്‍ താല്‍പര്യമുള്ളവരും അതേ സമയം ചലനശേഷി ഇല്ലാത്തവരുമായ 8 പേരെ കണ്ടെത്തുകയും. അവര്‍ക്ക് ഉപജീവനത്തിനായി സ്പോണ്‍സര്‍ഷിപ്പ്/ സി.എസ്.ആര്‍. ഫണ്ട് വകയിരുത്തി ബങ്കുകള്‍ നിര്‍മ്മിച്ച് നല്‍കും. അടിയന്തിര ചികിത്സാ സഹായം ആവശ്യമുള്ള 26 പേര്‍ക്ക് ജില്ലാ ആശുപത്രിയുടെയും മെഡിക്കല്‍ കോളേജിന്‍റെയും സഹായത്തോടെ സൗജ്യമായി മരുന്ന്, ചികിത്സ എന്നിവ ഉറപ്പാക്കും. തൊഴിലുപകരണങ്ങള്‍ ആവശ്യമുള്ള 16 പേര്‍ക്ക് സന്നദ്ധസംഘടനകളുടെ സഹായത്തോടെ തൊഴിലുപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കും.
അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഏതാനും പേര്‍ക്ക് ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടുന്നുണ്ട്. ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും യോഗത്തിൽ ധാരണയായി.
മാനസികാസ്വാസ്ഥ്യം ഉള്ളതും സ്വന്തമായി ഒരിടത്തും താമസിക്കാത്തവരും അലഞ്ഞുതിരിഞ്ഞുനടക്കുന്നവരുമായ 3 പേര്‍ ഈ ലിസ്റ്റിലുണ്ട്. അവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്നപക്ഷം എവിടെ വച്ചായാലും ഭക്ഷണം നല്‍കുന്നതിന് ഹോട്ടല്‍& റസ്റ്റോറന്‍റ് അസോസിയേഷന്‍റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടുമുണ്ട്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഘടകങ്ങളിലെല്ലാം തന്നെ ആവശ്യമായ തുക വകയിരുത്തി അടുത്തുതന്നെ ഡി.പി.സി. അംഗീകാരത്തിന് നഗരസഭ പദ്ധതി സമര്‍പ്പിക്കുന്നതാണ്. നിലവിലുള്ള എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് 1 കോടി 50 ലക്ഷം രൂപയുടെ പദ്ധതിയാണ് നഗരസഭ വകയിരുത്തുന്നത്.
ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ആദ്യ അജണ്ടകളായ ദാരിദ്ര്യവും വിശപ്പും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് വഴിയൊരുക്കിയ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഈ പദ്ധതിയോട് ഐക്യപ്പെട്ടുകൊണ്ടാണ് ഈ നഗരസഭയും പ്രവര്‍ത്തിക്കുന്നത്. ഈ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ഉപപദ്ധതി നടപ്പാക്കുമ്പോള്‍ ഇതില്‍ പരിഗണിക്കപ്പെട്ട 91 കുടുംബങ്ങള്‍ക്ക് പുറമെ ഈ പദ്ധതിയുടെ സമയത്ത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള ബാക്കിയുള്ളവര്‍ക്കും തുടര്‍പദ്ധതികളുടെ ആനുകൂല്യം നല്‍കുന്നതിന് നഗരസഭ ശ്രദ്ധിക്കുന്നതാണ്. ഓരോ കുടുംബത്തിനും ഓരോ മൈക്രോ പ്ലാന്‍ ആണ് തയ്യാറാക്കിയിട്ടുള്ളത്. സമയബന്ധിതമായി ഈ പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് നഗരസഭ സ്റ്റിയറിംങ് സമിതി, മോണിറ്ററിംങ് നിര്‍വ്വഹിക്കും. 3 വര്‍ഷത്തിനുള്ളില്‍ എല്ലാ അതിദാരിദ്ര്യ കുടുംബങ്ങള്‍ക്കും അതിജീവനം സാധ്യമാക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ പറഞ്ഞു.
യോഗത്തില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ആര്‍.അരവിന്ദാക്ഷന്‍, ജമീലാബി.എ.എം, സി.വി.മുഹമ്മദ് ബഷീര്‍, സ്വപ്ന ശശി, നഗരസഭാ സെക്രട്ടറി കെ.കെ.മനോജ്, നഗരസഭാ എഞ്ചിനീയര്‍ മഹേന്ദ്ര.പി.എ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്‍.എന്‍.ഡി എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version