വടക്കാഞ്ചേരി പുഴ നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചിട്ടുള്ള ‘ടോട്ടല്‍ ഡെവലപ്മെന്‍റ് പ്ലാന്‍ ഓഫ് വടക്കാഞ്ചേരി റിവര്‍ – ഫെയ്സ് 1’ എന്ന പ്രവൃത്തിയുടെ ഡി.പി.ആര്‍ തയ്യാറാക്കി സാങ്കേതികാനുമതിയ്ക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് തെക്കുംകര ഗ്രാമപഞ്ചായത്തിലെയും വടക്കാഞ്ചേരി നഗരസഭയിലെയും ബന്ധപ്പെട്ട ജനപ്രതികളുടെ യോഗം സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
നിലവില്‍ തയ്യാറാക്കിയ പദ്ധതി വിശദീകരിച്ചതിനു ശേഷം ജനപ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. തെക്കുംകര ഗ്രാമപഞ്ചായത്തിലെ വാഴാനിയില്‍ നിന്നും ആരംഭിച്ച് വടക്കാഞ്ചേരി നഗരസഭയിലെ ആറ്റാംപാറ്റ ചിറ വരെയുള്ള പുഴയുടെ നവീകരണ പ്രവൃത്തിയാണ് ‘ടോട്ടല്‍ ഡെവലപ്മെന്‍റ് പ്ലാന്‍ ഓഫ് വടക്കാഞ്ചേരി റിവര്‍’ പദ്ധതിയുടെ ഫെയ്സ് 1-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുഴയില്‍ അടിഞ്ഞു കൂടിയ മണ്ണ് പൂര്‍ണ്ണമായി എടുക്കുന്നതിനും സൈഡ് പ്രൊട്ടക്ഷന്‍ പ്രവൃത്തികള്‍ക്കും കടവുകള്‍ നിര്‍മ്മിക്കുന്നതിനും അടിയന്തിരമായി റിപ്പയര്‍ ചെയ്യേണ്ട ചിറകള്‍ റിപ്പയര്‍ ചെയ്യുന്നതിനുമായി പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ജനപ്രതിനിധികളുടെ ചര്‍ച്ചയില്‍ വന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മണ്ണ് എടുക്കേണ്ട പ്രദേശങ്ങളും, സൈഡ് പ്രൊട്ടക്ഷന്‍ പ്രവൃത്തി നടത്തേണ്ട സ്ഥലങ്ങളും, കടവുകള്‍ നിര്‍മ്മിക്കേണ്ട സ്ഥലങ്ങളും, ചിറകളുടെ സ്ഥിതിയും നേരിട്ട് പരിശോധിച്ച് മുന്‍ഗണന അനുസരിച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ‘പുഴ നടത്തം’ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജനപ്രതിനിധികളും ഇറിഗേഷന്‍ ഉദ്യോസ്ഥരും പുഴ നടത്തത്തിന് നേതൃത്വം നല്‍കും. വടക്കാഞ്ചേരി നഗരസഭയില്‍ 19.08.2022 നും, തെക്കുംകര ഗ്രാമപഞ്ചായത്തില്‍ 22.08.2022 നും പുഴ നടത്തം സംഘടിപ്പിക്കും. പ്രവൃത്തികള്‍ നടത്തേണ്ട സ്ഥലങ്ങള്‍ ഏതെല്ലാം, അവയില്‍ നടത്തേണ്ട പ്രവൃത്തികള്‍ എന്തെല്ലാം എന്നത് നിശ്ചയിച്ച് മുന്‍ഗണനാ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് എം.എല്‍.എ പറഞ്ഞു. പദ്ധതി പ്രവൃത്തികളുടെ ആകെ മോണിറ്ററിങ്ങിന് തദ്ദേശ സ്ഥാപന തലത്തില്‍ മോണിറ്ററിംഗ് സമിതികള്‍ പ്രവര്‍ത്തിക്കണം എന്നും തീരുമാനിച്ചു.
വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍, വൈസ് ചെയര്‍പേഴ്സന്‍ ഷീല മോഹനന്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുനില്‍കുമാര്‍, വൈസ് പ്രസിഡണ്ട് ഇ.ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.വി സുനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.കെ ശ്രീജ, തെക്കുംകര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ആര്‍ രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി ജേക്കബ്ബ്, എ.ആര്‍ കൃഷ്ണന്‍കുട്ടി, കെ.എന്‍ രാമചന്ദ്രന്‍, പി.എം ഐശ്വര്യ, വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതിയ അധ്യക്ഷ സ്വപ്ന ശശി, കൗണ്‍സിലര്‍മാരായ കെ.എ വിജേഷ്, ഷീല മുരളി, ജിജി സാംസണ്‍, സന്ധ്യ കൊടയ്ക്കാടത്ത്, സരിത ദീപന്‍, രമ്യ സുന്ദരന്‍, മല്ലിക സുരേഷ്, അഡീഷണല്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മോഹന്‍ ഐ കെ തുടങ്ങിയവര്‍ സംസാരിച്ചു.