വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവും പിന്നീട് അമ്മയും മരിച്ചതിനു പിന്നാലെയാണ് പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ആലപ്പുഴ കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണ(22)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഇവരുടെ കുഞ്ഞ് ഇന്നലെ വൈകീട്ട് പ്രസവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയിലും ആശുപത്രിയില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ശനിയാഴ്ചയാണ് അപര്‍ണയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ലേബര്‍ റൂമിലേക്ക് മാറ്റി. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ ശസ്ത്രക്രിയ വേണമെന്ന് ബന്ധുക്കളെ അറിയിച്ച ആശുപത്രി അധികൃതര്‍ അപര്‍ണയുടെ അമ്മയില്‍ നിന്ന് സമ്മത പത്രം ഒപ്പിട്ടുവാങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് നാലോടെയാണ് കുട്ടി മരിച്ചെന്ന് അറിയിച്ചത്. തുടര്‍ന്ന് ഹൃദയമിടിപ്പ് കൂടിയതിനാല്‍ അപര്‍ണയെ വെന്റിലേറ്ററിലേക്ക് മാറ്റി. രണ്ട് ദിവസം മുമ്പ് നടത്തിയ പരിശോധനയിലും കുഴപ്പമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയതാണ് മരണ കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.അതേസമയം യുവതിക്ക് രക്തസമ്മർദ്ദമായിരുന്നു എന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. രണ്ടു ദിവസത്തിനകം റിപ്പോർട് സമർപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്.