വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ കേരള റൂട്ടിലെ രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങിയ ട്രെയിൻ 50 മിനിട്ടെടുത്ത് 6.10ന് കൊല്ലത്തെത്തി. തിരുവനന്തപുരം മുതൽ കാസർകോട് വരെയായിരിക്കും ട്രയൽ റൺ നടത്തുക. കണ്ണൂർ വരെ പരിമിതപ്പെടുത്തിയിരുന്ന വന്ദേ ഭാരതിന്റെ റൂട്ട് കാസർകോടേയ്ക്ക് നീട്ടിയതായി കേന്ദ്ര റെയിൽവേ മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. തിരിച്ച് തിരുവനന്തപുരത്തേയ്ക്കും ട്രയൽ റൺ നടത്തും.വന്ദേഭാരത് മംഗലാപുരത്തേക്ക് നീട്ടിയേക്കും
വന്ദേ ഭാരതിന്റെ വേഗതയും സുരക്ഷയും ഉറപ്പാക്കുന്നതിനായാണ് ഇന്ന് രണ്ടാം പരീക്ഷണം നടത്തുന്നത്. എത്ര മണിക്കൂർ കൊണ്ട് കാസർകോട് എത്തുമെന്നും ഒന്നാം ട്രയൽ റണ്ണുമായി താരതതമ്യപ്പെടുത്തി വിവിധ സ്റ്റേഷനുകളിൽ എപ്പോഴൊക്കെ എത്തിച്ചേരും എന്നിങ്ങനെയുള്ള കാര്യങ്ങളിൽ രണ്ടാം ട്രയൽ റൺ കഴിയുന്നതോടെ കൂടുതൽ വ്യക്തത കൈവരും.
കഴിഞ്ഞ ദിവസം വന്ദേ ഭാരതിന്റെ ആദ്യ ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്ക് 7.10 മണിക്കൂറിലെത്തിയാണ് വന്ദേഭാരത് ആദ്യ പരീക്ഷണയോട്ടം പൂർത്തിയാക്കിയത്. ഇതിന് അധികമായി ഒന്നര മണിക്കൂറെടുത്ത് ഇന്ന് കാസർകോട് എത്തിച്ചേരുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ. അർദ്ധരാത്രിയോടെ തമ്പാനൂരെത്തി ട്രയൽ റൺ പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.