കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. അധിക വരുമാനത്തിനായി ബസുകളില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം നല്‍കാന്‍ കരാര്‍ നല്‍കിയ കെഎസ്ആര്‍ടിസിക്ക് കോടതിയുടെ നിര്‍ദേശം തിരിച്ചടിയാണ്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ഏകീകൃത കളര്‍ കോഡ് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവരാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉടമകളുടെ ഹര്‍ജിയും ഹൈക്കോടതി തള്ളി. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍ കോഡ് കൊണ്ടുവരുന്ന സാഹചര്യത്തില്‍ ഇതിന് വിരുദ്ധമായി കെഎസ്ആര്‍ടിസി ബസുകളില്‍ ഉള്‍പ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നത്. പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും വാഹനങ്ങള്‍ക്ക് നിലവിലുള്ള കളര്‍ കോഡ് മാറ്റാനാകില്ല. ഇത് പരിഗണിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസില്‍ ഉള്‍പ്പെടെ പരസ്യം പതിച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.