ജില്ലയിലെ വേലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും ആനാപ്പുഴ നഗര കുടുംബാരോഗ്യ കേന്ദ്രത്തിനും ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷന്‍ (എന്‍ ക്യു എ എസ്) അംഗീകാരം ലഭിച്ചു. വേലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 95% ആനാപ്പുഴ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് 88.4% സ്കോർ നേടിയാണ് അംഗീകാരം കരസ്ഥമാക്കിയത്. ഇതോടെ ജില്ലയിൽ ദേശീയ അംഗീകാരം ലഭിച്ച ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം പതിനേഴായി. ആശുപത്രിയുടെ ഗുണനിലവാരം, രോഗി സൗഹൃദ അന്തരീക്ഷം, പ്രകൃതി അനുകൂല പദ്ധതികള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, അണുബാധ നിയന്ത്രണം, ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട്കം എന്നീ 8 വിഭാഗങ്ങളായി ചെക്ക് പോയിന്റുകള്‍ വിലയിരുത്തി. ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കി ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നല്‍കുക. 3 വര്‍ഷ കാലാവധിയാണ് എൻ ക്യു എ എസ് അംഗീകാരത്തിനുള്ളത്. അതിനുശേഷം ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം വീതം തുടര്‍ന്ന് വരുന്ന മൂന്നു വർഷം ലഭിക്കും. വേലൂർ പി എച്ച് സിക്ക് ഇത് രണ്ടാം തവണയാണ് എൻ ക്യു എ എസ് അംഗീകാരം ലഭിക്കുന്നത്.