യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അറസ്റ്റിൽ. അന്വേഷണ സംഘത്തിന് മുന്നിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു തന്നെ ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോകും. പനമ്പിള്ളി നഗറിലെ ഡി ഹോംസിലാണ് തെളിവെടുപ്പ്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ചോദ്യം ചെയ്യലിനായി ഹാജരായത്. ഇന്ന് മുതല്‍ ജൂലൈ 3 വരെ, രാവിലെ 9 മുതല്‍ വൈകിട്ട് ആറ് മണി വരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിരുന്നു. ഏപ്രിൽ 22നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണമെന്നുമായിരുന്നു ഉപാധി.