നമ്മുടെ ജീവിത വഴികളിൽ വന്നുഭവിക്കുന്ന വിഘ്നങ്ങൾ നീക്കി ഐശ്വര്യവും, നേർവഴിയും പ്രദാനം ചെയ്യുന്നതിനു വേണ്ടി വിശ്വഹിന്ദു പരിഷത്തിൻ്റേയും, ഗണേശോൽസവ സമിതിയുടേയും നേതൃത്വത്തിൽ വിനായക ചതുർത്ഥി ദിനം വടക്കാഞ്ചേരി മേഖലയിൽ വിവിധ പരിപാടി കളോടെ ആഘോഷിക്കും. വടക്കാഞ്ചേരി കേന്ദ്രമാക്കി നടക്കുന്ന ഗണേശോൽസവത്തിൽ വടക്കാഞ്ചേരി ശിവക്ഷേത്രം, മംഗലം അയ്യപ്പൻകാവ് ക്ഷേത്രം, കൊടുമ്പ് അയ്യപ്പൻകാവ് ക്ഷേത്രം, തോന്നല്ലൂർ നരസിംഹമൂർത്തീ ക്ഷേത്രം, എന്നിവിടങ്ങളിൽ ഗണേശ വിഗ്രഹ പ്രതിഷ്ഠ നടന്നു. ബുധനാഴ്ച അതത് പ്രദേശങ്ങളിൽ നിന്നുള്ള ഗണേശ വിഗ്രഹങ്ങളുമായി ഗ്രാമ പ്രദക്ഷിണം നടത്തി ഉച്ചക്ക് വടക്കാഞ്ചേരി സൗത്ത് ഇന്ത്യൻ ബാങ്ക് പരിസരത്തുള്ള പൊതു വേദിയിൽ എത്തിച്ചേരും. തുടർന്ന് സാംസ്ക്കാരിക സമ്മേളനം നടക്കും. ഗുരുവായൂർ ക്ഷേത്രം തന്ത്രി: ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മഞ്ഞപ്ര ശ്രീരാമകൃഷ്ണാശ്രമം സ്വാമി. പൂർണ്ണ നന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. സാംസ്കാരിക സമ്മേളനത്തിനു ശേഷം വടക്കാഞ്ചേരിയിൽ നിന്ന് ഓട്ടുപാറ വരേ ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് ചെറുതുരുത്തി നിളാതീരത്ത് ഗണേശ വിഗ്രഹങ്ങൾ എത്തിച്ച് നിമജ്ജനം ചെയ്യും.