കേന്ദ്ര സർക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാം ദിവസവും ബീഹാറിൽ വൻ പ്രതിഷേധം. വിവിധ ജില്ലകളിൽ റെയിൽ, റോഡ് ഗതാഗതം ആർമി ഉദ്യോഗാർത്ഥികൾ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്‌സർ, നവാഡ എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. അറായിലെ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. മുൻഗറിലെ സഫിയാബാദിൽ പ്രതിഷേധക്കാർ പട്‌ന-ഭഗൽപൂർ പ്രധാന റോഡ് ഉപരോധിച്ചു. നവാഡയിലെ പ്രജാതന്ത്ര ചൗക്കിൽ നൂറുകണക്കിന് യുവാക്കൾ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ജെഹാനാബാദിൽ വിദ്യാർത്ഥികൾ ഗയ-പട്‌ന റെയിൽവേ ട്രാക്ക് ഉപരോധിക്കുകയും റോഡിൽ ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇവിടെ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. നവാഡയിലും പ്രതിഷേധം തുടരുകയാണ്. യുവാക്കൾ കിയുൽ-ഗയ റെയിൽവേ ലൈൻ സ്തംഭിപ്പിച്ചു. പ്രകോപിതരായ ചില വിദ്യാർത്ഥികൾ നവാഡ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ കേടുപാടുകൾ വരുത്തി. സഹർസയിലും അറാഹിലും കല്ലേറ് നടന്നു. അറായിൽ അക്രമാസക്തരായ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
എന്താണ് അഗ്നിപഥ്?
ഹ്രസ്വകാലത്തേക്കുള്ള സൈനിക സേവന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ച അഗ്നിപഥ്. പ്രതിവർഷം 45,000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം. അടുത്ത ഒന്നര വർഷത്തിനുള്ളിൽ പത്ത് ലക്ഷം നിയമനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സേനകൾ പദ്ധതി പ്രഖ്യാപിച്ചത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗും സേനാ തലവന്മാരും ചേർന്നാണ് അഗ്നിപഥ് പ്രഖ്യാപിച്ചത്. സേനയിൽ യുവാക്കളുടെ പങ്കാളിത്തം കൂട്ടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. പതിനേഴര മുതൽ 21 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം നൽകുക. നാല് ആഴ്ച മുതൽ ആറ് മാസം വരെയാണ് പരിശീലന കാലയളവ്. നാല് വർഷത്തെ സേവനത്തിന് ശേഷവും ഇവർക്ക് സൈന്യത്തിൽ സ്ഥിര സേവനത്തിനായി അപേക്ഷിക്കാൻ കഴിയും.
തുടക്കത്തിൽ പുരുഷന്മാർക്കാവും നിയമനമെങ്കിലും ഭാവിയിൽ യുവതികൾക്കും അവസരം പ്രതീക്ഷിക്കാം. ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം നിയമനം നടത്തണമെന്ന് മന്ത്രാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളിലെയും, വകുപ്പുകളിലെയും മാനവശേഷി അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രിയുടെ നിർണായകമായ നിർദേശം.