Crime

വിയ്യൂർ ജയിലിൽ പ്രിസൺ ഓഫിസറും അസി. പ്രിസൺ ഓഫിസറും തമ്മിൽ ഏറ്റുമുട്ടി

Published

on

വിയ്യൂർ അതിസുരക്ഷാ ജയിലിൽ പ്രിസൺ ഓഫിസറും അസി. പ്രിസൺ ഓഫിസറും തമ്മിൽ ഏറ്റുമുട്ടി. ചവിട്ടേറ്റു കാലിന്റെ അസ്ഥിപൊട്ടിയ നിലയിൽ പ്രിസൺ ഓഫിസർ ടി.ഡി. അശോക് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ പ്ലാസ്റ്റർ ഇടേണ്ടിവന്നു. ഇടിയേറ്റു മൂക്കിന്റെ പാലത്തിനു പൊട്ടലുണ്ട്. അസി. പ്രിസൺ ഓഫിസർ കെ. രാജേഷിനെ സസ്പെൻഡ് ചെയ്തു. അവധി അനുവദിക്കുന്നതിനെച്ചൊല്ല‍ിയുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചെന്നാണു വിവരം.അതിസുരക്ഷാ ജയിലിൽ ജീവനക്കാരുടെ വിശ്രമകേന്ദ്രത്തിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഒരുമാസം മുൻപ് അതിസുരക്ഷാ ജയിലിലേക്കു സ്ഥലംമാറി എത്തിയവരാണു പ്രിസൺ ഓഫിസറും അസി. പ്രിസൺ ഓഫിസറും. ജയിലിൽ ജീവനക്കാരുടെ എണ്ണം കുറവായതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ അവധി അനുവദിക്കുന്നുള്ളൂ. ചീഫ് വാർഡന്റെ ചുമതലയുള്ള പ്രിസൺ ഓഫിസറാണ് അവധി അനുവദിക്കേണ്ടത്. പ്രതിസ്ഥാനത്തുള്ള അസി. പ്രിസൺ ഓഫിസർ രാജേഷ് 3 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ, അനുവദിച്ചത് ഒരു ദിവസം മാത്രം. ഇതിൽ പ്രകോപിതനായാണ് ആക്രമിച്ചത്.കാലിന്റെ ഉപ്പൂറ്റിക്കു മുകളിലേറ്റ ചവിട്ടിലാണ് അസ്ഥിക്ക് പൊട്ടലുണ്ടായത്. മൂക്കിന്റെ പാലത്തിനും ഇടിയേറ്റു. പ്രതിസ്ഥാനത്തുള്ള ജീവനക്കാരനു രണ്ടാഴ്ച മുൻപും മോശം പെരുമാറ്റത്തിന്റെ പേരിൽ താക്കീത് ലഭിച്ചിരുന്നതായി സൂചനയുണ്ട്. അതേസമയം, അതിസുരക്ഷാ ജയിലിൽ ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നു പോലും ഇല്ലാത്തതു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 400 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ 100 ജീവനക്കാരെങ്കിലും വേണമെന്നാണു കണക്ക്. എന്നാൽ, ആകെയുള്ളത് 28 പേർ മാത്രം. ഇതിൽ 8 പേർ പരിശീലനത്തിലും മറ്റുമാണ്. ഡ്യൂട്ടിക്കുള്ളത് ആകെ 20 പേർ മാത്രവും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version