Local

ജൂലൈ ഒന്ന് മുതല്‍ വടക്കാഞ്ചേരി നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു.

Published

on

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനം ജൂലൈ ഒന്ന് മുതല്‍ കര്‍ശനമായി പാലിക്കാന്‍ വടക്കാഞ്ചേരി നഗരസഭ. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഇതര ഉല്‍പ്പന്നങ്ങളുമാണ് നിരോധിക്കുന്നത്. നിരോധനം ലംഘിക്കുന്ന നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഖരമാലിന്യ സംസ്‌കരണ നിയമം 2016 പ്രകാരം കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്ന് നഗരസഭ അറിയിച്ചു.
പിഴ കൂടാതെ പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടികള്‍ ആയിരിക്കും നഗരസഭ സ്വീകരിക്കുക. നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിലൂടെ നിലവിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉല്‍പാദനം ഗണ്യമായി കുറച്ച് പ്രകൃതി സൗഹൃദ ബദല്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. നഗരസഭയുടെ പ്രവര്‍ത്തനങ്ങളോട് എല്ലാ വ്യാപാരികളും സഹകരിക്കണം എന്ന് നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. സാധാരണ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍( എല്ലാതരത്തിലുമുള്ളവ), ഗാര്‍ബേജ് കവറുകള്‍, നോണ്‍ വോവന്‍ കവറുകള്‍, 500 മില്ലിലിറ്ററില്‍ താഴെ ഉള്ള പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പ്ലേറ്റുകള്‍, കപ്പുകള്‍,പ്ലാസ്റ്റിക് സ്പൂണുകള്‍ ഫോര്‍ക്കുകള്‍, സ്‌ട്രോകള്‍, പിവിസി ഫ്‌ലക്‌സ്, മെറ്റീരിയലുകള്‍, നഴ്‌സറികളില്‍ ഉപയോഗിക്കുന്ന കവറുകള്‍, പ്ലാസ്റ്റിക് പാക്കറ്റ്‌സ്, പ്ലാസ്റ്റിക് കൊണ്ടുള്ള വാട്ടര്‍ പൗച്ചുകള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗുകള്‍ തുടങ്ങിയവയാണ് നിരോധിച്ച പ്ലാസ്റ്റിക്കുകള്‍.
പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ബദല്‍ ഉല്‍പ്പന്നമായ തുണിസഞ്ചി നിര്‍മ്മാണ കേന്ദ്രം ഓട്ടുപാറയിലും മിണാലൂരും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. തുണിസഞ്ചികള്‍ ആവശ്യമുള്ളവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ സമീപിക്കാം. ജൂലൈ ഒന്ന് മുതല്‍ നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ പരിശോധന വ്യാപകമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version