ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കി അണക്കെട്ടില്‍ വെളളം 2385.18 അടിയായി. മുലപ്പെരിയാറില്‍ 138.75 അടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകളില്‍ ( വി1,വി2, വി3, വി4, വി5, വി6, വി7, വി8, വി9, വി10) കൂടെ ഒഴുക്കുന്ന ജലത്തിന്‍റെ അളവ് കൂടാതെ എല്ലാ ഷട്ടറുകളും
0.60 മീറ്റര്‍ വീതം ഉയര്‍ത്തി ആകെ 4957.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ കര്‍വ് കമ്മറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്. നിലവില്‍ മൂന്നു ഷട്ടറുകളിലൂടെ സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത് അതേസമയം വയനാട് ബാണാസുരസാഗര്‍ അണക്കെട്ടും തുറന്നു. സെക്കന്‍റില്‍ 8.50 ക്യൂബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ഒരു ഷട്ടര്‍ 10 സെന്‍റീമീറ്ററാണ് ഉയര്‍ത്തിയത്.