ഇടുക്കി സൂര്യനെല്ലി ബിഎല്‍റാമില്‍ വീണ്ടും കാട്ടാനയിറങ്ങി. രാജേശ്വരി എന്നയാളുടെ വീട് കാട്ടാനയുടെ ആക്രമണത്തില്‍ ഭാഗികമായി തകര്‍ത്തു. അതേസമയം, ഇന്നലെ ഏലത്തോട്ടത്തിനുള്ളില്‍ തമ്പടിച്ചിരുന്ന ആനക്കൂട്ടം പിന്തിരിഞ്ഞെങ്കിലും ഉള്‍വനത്തിലേക്ക് പോകാന്‍ കൂട്ടാക്കിയിട്ടില്ല. മതികെട്ടാന്‍ ചോലയോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ഇന്നലെ പുലര്‍ച്ചെ ബിഎല്‍റാമിലും പന്നിയാര്‍ എസ്റ്റേറ്റിലും ഉണ്ടായ ആക്രമണത്തില്‍ വീടും കടയും തകര്‍ത്തിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് വനംവകുപ്പ് വാച്ചര്‍ ശക്തിവേല്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപെട്ടത്. ബിഎല്‍റാമിലെ ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന ആനകള്‍, മണിക്കൂറുകളോളം ഇവിടെ തുടരുകയായിരുന്നു.റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് ആനകളെ തുരത്താനുള്ള നടപടികള്‍ നടക്കുകയാണ്. പടക്കം പൊട്ടിച്ചും വലിയ ശബ്ദം ഉണ്ടാക്കിയും ആഴി കൂട്ടിയും ആനകളെ വനാതിര്‍ത്തിയിലേക്കെത്തിച്ചു. എന്നാല്‍, മൂന്നു കുട്ടിയാനകളുമായി നിലയുറപ്പിച്ച ആനക്കൂട്ടം വനത്തിനുള്ളിലേക്ക് പോകാന്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം. ആനക്കൂട്ടം മടങ്ങി വരാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടുകാരും ഉദ്യോഗസ്ഥരും പ്രദേശത്ത് തുടരുകയാണ്.