Local

വാഴാനി മേലില്ലം പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം; ജനങ്ങള്‍ ആശങ്കയില്‍

Published

on

കുതിരാൻ തുരങ്കം തുറന്നതോടെ കാട്ടാനകൾ കൂട്ടത്തോടെ മച്ചാട് വനമേഖലയിലേക്ക് പ്രവേശിച്ചതായി അധികൃതർ വിലയിരുത്തുമ്പോഴും ആനകളെ തുരത്താൻ നടപടിയില്ലാത്തത് ജനങ്ങൾക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നു. മുന്‍പ് കാട്ടുപന്നി, മയിൽ, മുള്ളൻപന്നി എന്നിവയാണ് കൃഷിയിടത്തിലിറങ്ങി നാശം വരുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കാട്ടാനയാണ് തെക്കുംകര പഞ്ചായത്തിലെ മലയോര മേഖലകളില്‍ കൃഷി നാശം വരുത്തുന്നത്. കുതിരാൻ തുരങ്കം തുറന്നതോടെ വഴക്കുംപാറ മേഖലയിലുണ്ടായിരുന്ന പത്തൊമ്പതോളം കാട്ടാനകൾ പുതിയ ആനതാരയിലൂടെ മച്ചാട് വനമേഖലയിൽ എത്തിപ്പെട്ടതായി വനം വകുപ്പും സംശയിക്കുന്നു. ജനവാസ മേഖലയിൽ തുടർച്ചയായിആനകളെ കണ്ടെത്തുന്നത് ഇത് മൂലമാണ് . കഴിഞ്ഞ മാസം ചേലക്കര തോട്ടേക്കോട് ആന സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഇന്നലെ ജനവാസ മേഖലയായ മേലില്ലത്ത് നിരവധി തവണ ആനയിറങ്ങി വൻകാർഷിക നാശം സൃഷ്ടിച്ചു. മേലില്ലം നെല്ലിക്കുന്നേൽ വീട്ടിൽ തോമസിൻ്റ പറമ്പില്‍ ഇന്ന് പുലർച്ചെ ആന വീണ്ടുമെത്തി കൃഷി നാശം വരുത്തി. വിവരമറിഞ്ഞ് വാഴാനി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള ജീവനക്കാർ സ്ഥലം സന്ദർശിച്ചു. പറമ്പിൽ നിന്നിരുന്ന വാഴയും, ചെറു മരങ്ങളും കാട്ടാന നശിപ്പിച്ചു. റബർ മരങ്ങളുടെ ചില്ലകളും ഒടിച്ചിട്ടു. കാട്ടാന ശല്യം രൂക്ഷമായതോടെ വാഴാനി മേഖലയിലെ ആദിവാസി കുടുംബങ്ങളും ഏറെ ദുരിതത്തിലാണ്‌. പരിസരത്ത് താമസിക്കുന്നവരുടെ പറമ്പിലും കാട്ടാനയെത്തിയതിൻ്റെ ലക്ഷണങ്ങളുണ്ട്‌. തെങ്ങും, വാഴകളും, നശിപ്പിച്ച നിലയിലാണ്. ഇത് വലിയ ആശങ്കയും, ഭീതിയും സമ്മാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തോളമായി കാട്ടാനകൾ ഈ മേഖലയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version