പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ വാഹനങ്ങള്‍ക്കുനേരെ കല്ലേറ്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും വാഹനങ്ങള്‍ക്കുനേരെ ആക്രമണം. നിരവധി കെഎസ്ആർടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ലോറികള്‍ക്കുനേരെയും ആക്രമണം. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു. കോഴിക്കോട് കെഎസ്ആർടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനുമുന്നില്‍ കെഎസ്ആർടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍കണ്ണിന് പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ കാറിന്‍റെ ചില്ല് തകര്‍ത്തു.വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലെ എന്‍.ഐ.എ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും കരുതല്‍ തടങ്കലിനും നിര്‍ദേശമുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍ക്ക് നല്‍കി. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നു.