ഉദ്യാനത്തിൽ മൂന്നു വരയാടിന്‍ കുട്ടികളെ കണ്ടെത്തിയതോടെയാണ് പാർക്ക് അടയ്കാൻ തീരുമാനമാകുന്നത്. ഉദ്യാനം അടച്ചിടുന്നതിനുള്ള അനുമതിക്കായി മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ്, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജോബ് നേര്യംപറമ്പിൽ എന്നിവർ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തു നൽകിയിട്ടുണ്ട്.
സാധാരണ ഗതിയിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് വരയാടുകളുടെ പ്രജനനകാലം ആരംഭിക്കുന്നത്. ഇത് കണക്കിലെടുത്ത് ഈ മാസങ്ങളിൽ ഉദ്യാനത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്താറുണ്ട്. ഇത്തവണയും വരയാടിൻ കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 25 കുട്ടികളുടെ വർധനയാണ് രേഖപ്പെടുത്തിയത്.പ്രജനനകാലം അവസാനിക്കുന്നതോടെ ഏപ്രിൽ മാസത്തിൽ സന്ദർശകർക്കായി പാർക്ക് വീണ്ടും തുറക്കും. പ്രജനനകാലത്ത് വരയാടുകൾക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സന്ദർശകർക്ക് വിലക്ക് എർപ്പെടുത്തുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലായി വരയാടുകളുടെ വാർഷിക കണക്കെടുപ്പ് ആരംഭിക്കും.