കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ ഐ സി സിയുടെ ആഭിമുഖ്യത്തിൽ ബുധൻ, വ്യാഴം ദിനങ്ങളിലായി വനിതാദിനാഘോഷം സംഘടിപ്പിച്ചു. ബുധനാഴ്ച നടന്ന ആദ്യ സെഷനിൽ പ്രശസ്ത യുവകവയത്രി വിജില സ്വാതന്ത്ര്യ സ്വപ്നങ്ങളും പൊതുബോധവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് പട്ടാമ്പി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ( പോക്സോ)അഡ്വക്കറ്റ്.നിഷ വിജയകുമാർ ‘പോക്സോ നിയമങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തു. വ്യാഴാഴ്ച കൂത്തമ്പലത്തിൽ വച്ച് നടന്ന കേരള പോലീസിന്റെ വിമൻസ് സേഫ്റ്റി സെൽഫ് ഡിഫൻസ് ട്രെയിനിങ് പ്രോഗ്രാം സംഗീത നാടക അക്കാദമി അവാർഡ് ജേതാവും കലാമണ്ഡലം കൂടിയാട്ടം മുൻ മേധാവിയും ആയ കലാമണ്ഡലം ഗിരിജ ദേവി ഉദ്ഘാടനം ചെയ്തു. വനിതകൾ ശാരീരികമായും മാനസികമായും കരുത്താർജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ഉദ്ഘാടന ചടങ്ങിൽ ഗിരിജ അഭിപ്രായപ്പെട്ടു. ഐസിസി പ്രിസൈഡിംഗ് ഓഫീസർ ഡോ. രചിത രവി ഡോക്ടർ റീന ബി. കെ അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ പ്രതിഭ ട്രെയിനിങ് പ്രോഗ്രാമിന്റെ വിഷയാവതരണം നടത്തി. യോഗത്തിൽ കലാമണ്ഡലം രജിസ്ട്രാർ ഡോക്ടർ പി രാജേഷ് കുമാർ , അക്കാദമിക് കോഡിനേറ്റർ കലാമണ്ഡലം വി. അച്യുതാനന്ദൻ , ഗവേഷക വിദ്യാർത്ഥിനി അഞ്ജലി ഡോ.എ. ലേഖ എന്നിവർ സംസാരിച്ചു. ചടങ്ങിന് ശേഷം കേരള പോലീസ് ട്രെയിനിങ് മാസ്റ്റേഴ്സ് പ്രതിഭ, ഷീജ ,ഷിജി എന്നിവർ വിദ്യാർത്ഥിനികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾക്ക് ആരംഭം കുറിച്ചു. കലാമണ്ഡലം സന്ദർശനത്തിനെത്തിയ തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ വിദ്യാർത്ഥിനികളുമായി സംവദിച്ചു. 13, 14 തീയ്യതികളിൽ വൈകീട്ട് തുടർ പരിശീലന ക്ലാസ്സുകൾ നടക്കും.