എല്ലാ വർഷവും ജൂലൈ 11ന് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടും ജനസംഖ്യാ വർധനവിന്റെ പ്രശ്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. ശൈശവ വിവാഹം, ലിംഗസമത്വം, മനുഷ്യാവകാശങ്ങൾ, കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. ലോക ജനസംഖ്യ നിലവിൽ 7.96 ബില്യൺ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് 2030 ൽ ഏകദേശം 8.5 ബില്യൺ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2022-ലെ ലോക ജനസംഖ്യാ ദിനത്തിന്റെ തീം ‘ലോകമെമ്പാടും എട്ട് ബില്യൺ: എല്ലാവർക്കുമായി ഒരു സുസ്ഥിരമായ ഭാവിക്കായി- അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും എല്ലാവർക്കും അവകാശങ്ങളും തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുകയും ചെയ്യുക’ എന്നതാണ്. എല്ലാവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഇല്ല. ലൈംഗിക ആഭിമുഖ്യം, ലിംഗഭേദം, വംശം, വർഗം, മതം, ഉത്ഭവ രാജ്യം എന്നിവയുടെ അടിസ്ഥാനത്തിൽ നിരവധി ആളുകൾ ഇപ്പോഴും വിവേചനങ്ങളും അക്രമങ്ങളും നേരിടുന്നു. ജനസംഖ്യാ വർധനവിന്റെ പ്രശ്നം എന്നത്തേക്കാളും ഗുരുതരമായി മാറിയിരിക്കുകയാണ്. വളർന്നുവരുന്ന രാജ്യങ്ങൾ ഇപ്പോൾ ലിംഗ അസമത്വത്തിനും മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ വർധവിനും സാക്ഷ്യം വഹിക്കുന്നു.