മുളകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്നും, കഴിഞ്ഞ മാസം രണ്ടു ബുള്ളറ്റ് മോഷണം നടത്തിയവരായ കോവൈ പോത്തന്നൂര്‍ കുറിച്ചിപിരിവു സ്വദേശികളായ ആട് എന്നുവിളിക്കുന്ന ഷാജഹാന്‍ (33), ഷാഹുല്‍ ഹമീദ് (31) എന്നിവരാണ് പിടിയിലായത്. ഇതില്‍ പ്രതി ഷാജഹാന്‍ പതിനേഴോളം മോഷണ കേസുകളിലെ പ്രതിയാണ്.
കഴിഞ്ഞ ജൂണ്‍, ജൂലായ് മാസങ്ങളിലായാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ നിന്നും രണ്ട് ബുള്ളറ്റുകള്‍ മോഷണം പോയത്. മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തൃശ്ശൂര്‍ ജില്ലാ സിറ്റി പോലീസ് മേധാവി ആര്‍ ആദിത്യ, അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ.കെ. സജീവിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.
തുടര്‍ന്ന് നാല്പത്തിയഞ്ചോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതികളുടെ ദൃശ്യങ്ങള്‍ തൃശ്ശൂര്‍ പാലക്കാട് അതിര്‍ത്തിയില്‍ സ്ഥാപിച്ച പോലീസ് ക്യാമറയില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന്, ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നപ്പോള്‍ പ്രതികള്‍ കൊയമ്പത്തൂരിലേക്ക് കടന്നെന്നും മനസ്സിലാക്കി. പിന്നീട് തമിഴ്‌നാട് പോലീസ് സ്‌ക്വാഡിന്‍റെ സഹായത്തോടെ മുപ്പതോളം സി.സി.ടി.വി ക്യാമറകള്‍ കൊയമ്പത്തൂരില്‍ പരിശോധിക്കുകയും, അതില്‍ നിന്നും പ്രതികള്‍ ഉക്കടം ഭാഗത്തുള്ളവരാണെന്നും മനസ്സിലാക്കി തുടര്‍ന്നുള്ള അന്വേഷണത്തില്‍ അവരെ പിടികൂടുകയും ചെയ്തു. തമിഴ് നാട്ടില്‍ നിന്നും തന്നെ രണ്ട് ബുള്ളറ്റുകള്‍ കണ്ടെടുക്കുകയും ചെയ്തു.
മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ പി.പി. ജോയ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു ടി.ഡി, ശിവദാസ് കെ.കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സുഭാഷ് ഒ.എസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിയോ എം.എ, അഖില്‍ വിഷ്ണു കെ.എസ്, ഗിരീഷ് കെ.കെ, രാഹുല്‍ സി.എസ്, പ്രകാശന്‍ എം.കെ, എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.